photo

ആലപ്പുഴ: ജില്ലയിൽ വില്പനയ്ക്കായി കൊണ്ടുവന്ന നാലുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വള്ളക്കടവ് കളിക്കൽ വീട്ടിൽ മധു കെ.പിള്ള(49), തിരുവനന്തപുരം ചാല വാർഡിൽ അനിൽകുമാർ(49) എന്നിവരെയാണ് ആലപ്പുഴ സൗത്ത് സി.ഐ എസ്.സനലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 15000 പാക്കറ്റ് ഹാൻസ് ഇനത്തിലുള്ള പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ജില്ലയിൽ ലഹരി വസ്തുക്കൾക്കെതിരെ പരിശോധന ശക്തമാക്കാൻ ജില്ലാ പൊലീസ് മേധാവി ജയ്‌ദേവിന്റെ നിർദ്ദേശത്തെ തുടർന്ന് സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ മിന്നൽ പരിശോധനയിൽ ആലപ്പുഴ ടി.ഡി സ്‌കുളിനു മുൻ ഭാഗത്ത് നിന്നാണ് ഇവരുവരും പിടിയിലായത് . എസ്.ഐമാരായ റെജിരാജ്, ടി.ഡി.നെവിൻ, ഷാഡോ പൊലീസ് അംഗങ്ങളായ കെ.പി.സുരേഷ്, ആർ.മോഹൻകുമാർ, കെ.ടി.സജീവ്, സി.പി.ഒമാരായ റോബിൻസൺ, എം.എം.ബിനുകുമാർ, രതീഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.