പൂച്ചാക്കൽ: പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ് മത്സ്യബന്ധനവും മത്സ്യ പ്രജനനവും പ്രതിസന്ധിയിലായ വേമ്പനാട്, അരൂക്കുറ്റി, ഉളവയ്പ്പ് കായലുകളുടെ സംരക്ഷണത്തിന് മുന്നിട്ടിറങ്ങി മത്സ്യത്തൊഴിലാളി യൂണിയൻ ( സി.ഐ.ടി.യു ). കായൽ സംരക്ഷണത്തിനായി ഇന്ന് വൈകിട്ട് 5 ന് ഉൾനാടൻ മേഖലകളിൽ കായൽ ദീപം തെളിക്കും.

കായൽ ആഴം കൂട്ടി തീരപ്രദേശത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളി യൂണിയൻ നൽകിയ നിവേദനത്തെത്തുടർന്ന് മുൻ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് നൂറ് കോടി രൂപ അനുവദിച്ചിരുന്നു.

കായൽ സംരക്ഷിക്കാൻ രൂപീകരിച്ച സംഘാടക സമിതിയുടെ നേതൃത്വത്തിൽ പ്ളാസ്റ്റിക് നീക്കം ചെയ്യും. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ആര്യാട്ട് ആഗസ്റ്റ് 1 ന് രാവിലെ 10 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.ഏരിയ തല ഉദ്ഘാടനം 7 ന് രാവിലെ 9 ന് പാണാവള്ളി അരയങ്കാവ് ജെട്ടിയിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ.നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ കെ.രാജപ്പൻ നായർ അധ്യക്ഷനാകും. 9, 10 തീയതികളിൽ കുടപുറം, അരൂക്കുറ്റി, കുണ്ടേകടവ്, മുട്ടത്ത് കടവ്, ഉളവയ്പ്, ശ്രീകണ്ഠേശ്വരം, പെരുമ്പളം, തൈക്കാട്ടശേരി, പോളേക്കടവ്, തുടങ്ങിയ കായൽ മേഖലകളിൽ മത്സ്യതൊഴിലാളികൾ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യും. ഇതിനായി 30 വള്ളങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.