ചേർത്തല: കഞ്ഞിക്കുഴി ബ്ലോക്ക് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബങ്ങളെ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിനായി ആയിരം സംരംഭങ്ങൾ ബ്ലോക്ക് പ്രദേശത്ത് കൊണ്ടുവരാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശില്പശാല തീരുമാനിച്ചു. വ്യക്തിഗത ആസ്തി വികസനത്തിൽ ഉൾപ്പെടുത്തി കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, തണ്ണീർമുക്കം, ചേർത്തല തെക്ക്,കടക്കരപ്പള്ളി പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കും. എല്ലാവർക്കും തൊഴിൽ കാർഡ്, എല്ലാവരും സംരംഭകർ എന്ന ലക്ഷ്യം കൈവരിക്കും.ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന ശിൽപ്പശാല പ്രസിഡന്റ് വി ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. എടക്കര ആഗ്രോ പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ ആർ.ജയകുമാരൻ നായർ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെയിംസ് ചിങ്കുതറ,ഗീതാ കാർത്തികേയൻ, സിനിമോൾ സാംസൻ, മഞ്ജുള, സുദർശനാഭായി, ബി.ഡി.ഒ കെ.എ.തോമസ്, പ്രവീൺ ജി.പണിക്കർ, എൻ ഡി ഷിമ്മി, അനിതാ തിലകൻ, സുധാ സുരേഷ് എന്നിവർ പങ്കെടുത്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.