ആലപ്പുഴ: കൊവിഡ് പ്രതിസന്ധിയിൽ തൊഴിലിടങ്ങൾ നിശ്ചലമായതിനാൽ മടങ്ങിയെത്തിയ ഭായിമാർ ജോലിയില്ലാതെ ബുദ്ധിമുട്ടുന്നു. രാവിലെ ചോറും പൊതികളുമായി ജില്ലയിലെ പ്രധാന കവലകളിൽ ജോലിദാതാക്കളെ കാത്തുനിന്ന് ഉച്ചയോടെ പ്രതീക്ഷയറ്റ് മടങ്ങുകയാണിവർ.
പുന്നപ്ര, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, അരൂർ ഭാഗങ്ങളിലാണ് അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായുള്ളത്. ലോക്ക് ഡൗണിൽ പലരും നാട്ടിലേയ്ക്ക് മടങ്ങിരുന്നു. ഇവരിൽ നല്ലൊരു ശതമാനവും ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ തിരികെയെത്തി.
ഇവർക്ക് അൽപ്പമെങ്കിലും പണി കിട്ടിയിരുന്നത് കെട്ടിട നിർമ്മാണ മേഖലയിലാണ്. എന്നാൽ, കമ്പി, സിമന്റ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചതോടെ ഉള്ള ജോലിയും നഷ്ടപ്പെട്ട അവസ്ഥയാണ്. കരാറുകാരുടെയും എൻജിനിയർമാരുടെയും കീഴിൽ പണിയെടുത്തിരുന്നവർക്ക് മാത്രമാണ് ഇപ്പോൾ സ്ഥിരമായി ജോലി ലഭിക്കുന്നത്.
ഹോട്ടൽ ജോലി മുതൽ കാർഷിക മേഖലയിൽ വരെ വേതനം കുറച്ച് പണി ചെയ്തിരുന്നവരും ഇപ്പോൾ ആഹാരത്തിനുപോലും വകയില്ലാതെ വിഷമിക്കുകയാണ്.
പ്രതീക്ഷ രണ്ടാംകൃഷി
പാടശേഖരങ്ങളിൽ സ്ത്രീകൾ ചെയ്തിരുന്ന ഞാറുനടീൽ, കളപറിക്കൽ, കൊയ്ത്ത് ജോലികളിൽ അന്യസംസ്ഥാന തൊഴിലാളികളും പ്രാവീണ്യം നേടിയിട്ടുണ്ട്. കുട്ടനാട്ടിൽ ഉൾപ്പെടെ കഴിഞ്ഞ പുഞ്ചക്കൃഷിയിൽ 50 ശതമാനം തൊഴിലാളികളും അന്യസംസ്ഥാനക്കാരായിരുന്നു. എന്നാൽ രണ്ടാംകൃഷി കുറച്ച് പാടശേഖരങ്ങളിൽ മാത്രമേയുള്ളൂ. ഈ പ്രതിസന്ധിയിലും വേതനം കുറച്ച് പിടിച്ചുനിൽക്കുകയാണിവർ.
ഭായിമാർ ജില്ലയിൽ
ലോക്ക് ഡൗണിന് മുമ്പ്: 13,277
ഇപ്പോൾ: 13,000
''
അന്യസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകൾ നൽകിയിരുന്നു. കൊവിഡ് വാക്സിനേഷനും ആരംഭിച്ചു. പൊലീസ് വിവരശേഖരണം നടത്തി.
എം.എസ്. വേണുഗോപാൽ
ജില്ലാ ലേബർ ഓഫീസർ, എൻഫോഴ്സ്‌മെന്റ്