ചാരുംമൂട് : നൂറനാട് ലെപ്രസി സാനിട്ടോറിയം ആശുപത്രിയിൽ ഓക്സിജൻ സംവിധാനത്തോടെയുള്ള കൊവിഡ് ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയായ ഡോക്ടേഴ്സ് ഫോർ യുവിന്റെ സഹായത്തോടെയാണ് ഓക്സിജൻ ജനറേഷൻ പ്ലാന്റ് സൗകര്യം ഒരുക്കുന്നത് 1.3 കോടി രൂപ വിലവരുന്ന ഓക്സിജൻ പ്ലാന്റും മറ്റ് അനുബന്ധ ഉപകരണങ്ങളും കഴിഞ്ഞ ദിവസം സാനിട്ടോറിയത്തിലെത്തിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ പഞ്ചായത്തിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കൊവിഡ് മൂന്നാം തരംഗമുണ്ടായാൽ നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗം കൂടിയാണ് പദ്ധതി.
40 കോടി രൂപ ചെലവിൽ സാനിട്ടോറിയത്തിൽ നിർമ്മാണം നടന്നുവരുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് 150 കിടക്കകളുള്ള കൊവിഡ് ആശുപത്രി തുടങ്ങുക.
100 ഓളം കിടക്കളിലേക്ക് നേരിട്ട് ഓക്സിജനെത്തിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുങ്ങുന്നത്.
ജില്ലാ പഞ്ചായത്താണ് 12 ലക്ഷം രൂപ ചെലവിൽ പ്ലാന്റിൽ നിന്നും കിടക്കകളിലേക്ക് ഓക്സിജനെത്തിക്കുവാനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. പ്ലാന്റ് സജ്ജീകരിക്കുന്നതിനുള്ള ഷെഡ് താമരക്കുളം ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് നിർമ്മിച്ചു നൽകി. എം.എസ്. അരുൺ കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി , ജില്ലാ കളക്ടർ എ.അലക്സാണ്ടർ , ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു , ആശുപത്രി സൂപ്രണ്ട് ഡോ.പി.വി വിദ്യ എന്നിവർ നിർമ്മാണ പുരോഗതി വിലയിരുത്തി.
ണ്ട്.