ആലപ്പുഴ : കൊവിഡ് പശ്ചാത്തലത്തിൽ ആലപ്പുഴ നഗരസഭ ആരംഭിച്ച ടെലി മെഡിസിൻ സേവനം നൂറു ദിനങ്ങൾ പിന്നിട്ടു. ഏപ്രിൽ 22 നാണ് ടെലി മെഡിസിൻ സേവനം ആരംഭിച്ചത്. ഇത്തരം സേവനം ലഭ്യമാക്കിയ സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനവും ആലപ്പുഴ നഗരസഭയായിരുന്നു.

ഇതിനകം പതിനായിരത്തിലധികം കൊവിഡ് രോഗികൾക്ക് വൈദ്യ സഹായവും മരുന്നും എത്തിച്ചു നൽകാനായി. പോസ്റ്റ് കൊവിഡ് ക്ലിനിക്ക്, കൊവിഡ് ബാധിതരായ വൃദ്ധർക്ക് വീട്ടിലെത്തി ചികിത്സ, കൗൺസിലിംഗ് ഇവയൊക്കെ ടെലി മെഡിസിന്റെ ഭാഗമായുണ്ട്. വാർഡൊന്നിന് 5 എന്ന നിലയിൽ 52 വാർഡുകളിലും ആരോഗ്യ വോളണ്ടിയർമാരുണ്ട്. ഇവർ ടെലി മെഡിസിൻ ടീം അറിയിക്കുന്നതനുസരിച്ച് നഗരസഭയിലെത്തി മരുന്ന് വാങ്ങി രോഗികൾക്കെത്തിച്ചു നൽകും.

ഈ ആരോഗ്യ വോളണ്ടിയർമാരെ നഗരസഭ പ്രശസ്തി പത്രം നൽകി ആദരിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അബ്ദുൾ സലാമിന്റെ നേതൃത്വത്തിലാണ് ടെലി മെഡിസിൻ സേവനം. ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ടും ഇ.എൻ.ടി സർജനുമായ ഡോ.ഷെറിൻ ഷാജഹാൻ, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോ.ആദിൽ അഹമ്മദ് എന്നിവർ എല്ലാ ദിവസവും നഗരസഭയിൽ നേരിട്ടെത്തിയാണ് ടെലി മെഡിസിൻ പദ്ധതിയിൽ സേവനമനുഷ്ഠിക്കുന്നത്. കാരുണ്യ പാലിയേറ്റീവിന്റെ നജീബ് ഹബീബ്, നിഷ നജീബ്, പാർവ്വതി രാജ്, ഷിജിന ഫൈസൽ, രാജശ്രീ രാജേന്ദ്രൻ എന്നിവരാണ് പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനം നിർവ്വഹിയ്ക്കുന്നത്. ടെലി മെഡിസിന്റെ നൂറ് ദിന പൂർത്തീകരണം നഗരസഭയിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, കെ.ബാബു, എ.ഷാനവാസ്, ആർ.വിനീത, ബിന്ദു തോമസ്, വിവിധ കക്ഷി നേതാക്കളായ എം.ആർ പ്രേം ,ഡി.പി.മധു, റീഗോ രാജു, നസീർ പുന്നയ്ക്കൽ, എം.ജി.സതീദേവി, ഹരി കൃഷ്ണൻ, രതീഷ്, സലിം മുല്ലാത്ത് എന്നിവർ പങ്കെടുത്തു. ഡോ. ഷെറിൻ ഷാജഹാൻ ,ഡോ. ആദിൽ അഹമ്മദ് എന്നിവരെ നഗരസഭ അദ്ധ്യക്ഷ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരവാസികളുടെ സേവനത്തിനായി ടെലി മെഡിസിൻ പദ്ധതി തുടരുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു.