അമ്പലപ്പുഴ : അറ്റകുറ്റപ്പണികൾക്കായി തകഴി റെയിൽവെ ഗേറ്റ് നാളെ ഉച്ചയ്ക്ക്ഞ് രണ്ട് മണി മുതൽ ഞായറാഴ്ച രണ്ടുമണി വരെ അടച്ചിടും. എ.സി റോഡിൽ ഗതാഗത നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ അറ്റകുറ്റ പണിക്കായി തകഴി റെയിൽവേ ഗേറ്റ് അടയ്ക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. തിരക്കേറിയ അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാതയിലെ തകഴി റെയിൽവേ ഗേറ്റ് അടയ്ക്കുന്ന വിവരം ദിവസങ്ങൾക്ക് മുൻപേ മാധ്യമങ്ങളിലൂടെ അറിയിക്കേണ്ടതാണെങ്കിലും, വിവരം വെള്ളപേപ്പറിൽ പേന ഉപയോഗിച്ച് എഴുതി ഒട്ടിക്കുക മാത്രമാണ് അധികൃതർ ചെയ്തത്. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. വലിയ വാഹനങ്ങളും, സ്വകാര്യ വാഹനങ്ങളും അമ്പലപ്പുഴ - തിരുവല്ല റോഡിലൂടെയാണ് അധികവും സഞ്ചരിക്കുന്നത്. അറ്റകുറ്റ പണിക്കായി ഒരു ദിവസം ഗേറ്റ് അടയ്ക്കുന്നതോടെ യാത്രക്കാർ ദുരിതത്തിലാകും. ദേശീയ പാതയും, എം.സി റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന മറ്റ് ബൈറൂട്ട് ഇല്ലാത്ത സാഹചര്യത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പോകേണ്ട യാത്രക്കാർ ഏറെ വലയാനാണ് സാധ്യത.