മുട്ട കൃഷിക്ക് തിരിച്ചടി
ആലപ്പുഴ: എ - സി റോഡ് നവീകരണമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ വഴിയോര താറാവ് - മുട്ട കച്ചവടക്കാർ പ്രതിസന്ധിയിൽ. പാലം പൊളിക്കലുമായി ബന്ധപ്പെട്ട് റൂട്ടിൽ വാഹനം കടത്തിവിടുന്നത് നിയന്ത്രിതമാണ്. വാഹന യാത്രക്കാരെ ആശ്രയിച്ചാണ് കുട്ടനാട്ടിൽ വഴിയോര കച്ചവടം.
എറണാകുളം, കോട്ടയം ജില്ലക്കാരാണ് കുട്ടനാടൻ താറാവിനും മുട്ടയ്ക്കും ആവശ്യക്കാരിൽ പ്രധാനികൾ. നിയന്ത്രണം വന്നതോടെ യാത്രക്കാർ അമ്പലപ്പുഴ വഴിയാണ് പോകുന്നത്. കുട്ടനാട്ടിലെ എല്ലാ വീടുകളിലും താറാവ് വളർത്തൽ സജീവമാണ്. ചെറുകിട കച്ചവടക്കാരിൽ ഭൂരിഭാഗവും വീട്ടമ്മാരാണ്. താറാവിനെ ഡ്രസ് ചെയ്ത് കൊടുക്കുന്നത് 20-30 രൂപ വരെ അധികമായും ലഭിക്കും. റോഡരികിൽ വിൽപ്പന നടത്തുന്നതിനാൽ മുട്ട 10-12 ദിവസം വരെയേ സൂക്ഷിക്കാൻ കഴിയുകയുള്ളൂ. കടുത്ത ചൂടും തണുപ്പുമേറ്റ് മുട്ട പെട്ടെന്ന് ചീത്തയാകുന്നതും തിരിച്ചടിയാണ്. മുട്ട വിറ്റ് പോകാത്തതിനാൽ ദിനംപ്രതി അൻപതോളം മുട്ട കളയേണ്ട അവസ്ഥയാണ്.
ആവശ്യക്കാർ കുറഞ്ഞു
കൊവിഡ് പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ ഹോട്ടലുകളിലേക്കും ഹൗസ് ബോട്ടുകളിലേക്കും താറാവും മുട്ടയും എല്ലാ ദിവസവും ആവശ്യമായിരുന്നു. സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ഈ വിൽപ്പനയും നിലച്ചു. പ്രളയവും കെടുതികളും അതിജീവിക്കുന്നതിനിടെയാണ് യാത്രാ നിയന്ത്രണം വീണ്ടും തിരിച്ചടിച്ചത്.
താറാവ് വില ₹300
നാടൻ മുട്ട (ഒന്നിന്) ₹9
ചെറിയ മുട്ട ₹100 (15 എണ്ണം)
''
വാഹന യാത്രക്കാരെ ആശ്രയിച്ചാണ് കുട്ടനാട്ടിലെ വഴിയോര കച്ചവടം. റോഡുപണി കഴിയും വരെ ഇനി കച്ചവടം നടക്കില്ല. ഹോട്ടലുകളിലും ആവശ്യക്കാർ കുറഞ്ഞു.
രാജു,കച്ചവടക്കാരൻ,
ഒന്നാങ്കര