അമ്പലപ്പുഴ: പുന്നപ്ര തെക്ക് - വടക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലെ പൊഴികളുടെ ശുചീകരണം തുടങ്ങി. മണലും മാലിന്യവും നീക്കി ആഴം വർദ്ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കുന്ന പദ്ധതി ഒരുമാസം കൊണ്ട് പൂർത്തിയാകും. പൂമീൻ പൊഴി, കൊച്ചു പൊഴി, വാവക്കാട് പൊഴികളാണ് ശുചീകരിക്കുക. 7.5 ലക്ഷം രൂപയാണ് അനുവദിച്ചത്. പൂമീൻ പൊഴിയിൽ 210 മീറ്ററും കൊച്ചു പൊഴിയിൽ 50 മീറ്ററും വാവക്കാട് പൊഴിയിൽ 120 മീറ്ററുമാണ് വൃത്തിയാക്കുക. കടലോരത്ത് നിന്നാരംഭിച്ച് ഉള്ളിലേക്കുള്ള ഭാഗത്തേക്കാണ് വൃത്തിയാക്കൽ. പൊഴികളുടെ ആഴം വർദ്ധിക്കുന്നതോടെ സമീപ വാർഡുകളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും. പൂമീൻ പൊഴിയിൽ ഹിറ്റാച്ചി ഉപയോഗിച്ചുള്ള ആഴം വർദ്ധിപ്പിക്കൽ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജി. സൈറസ്, എസ്. ഹാരിസ്, അംഗങ്ങളായ ഷക്കീല നിസാർ, എ. നസീർ, ടി. ജയപ്രകാശ്, അസി. എക്സി. എൻജിനിയർ യു. അജ്മൽ എന്നിവർ പങ്കെടുത്തു.