ന്യൂഡൽഹി: കേരളത്തിൽ അടക്കം റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് വകഭേദമായ ഡെൽറ്റാ പ്ളസ് അതിവേഗത്തിൽ പടർന്നു പിടിക്കുമോ എന്ന് വ്യക്തമാക്കുന്ന വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. പുതിയ വകഭേദം മരണം കൂട്ടുമോ എന്നും പഠിക്കണം.
കൊവിഡ് പ്രതിരോധം നടപ്പാക്കുകയും വാക്സിനെടുക്കുകയും ചെയ്താൽ എല്ലാ വകഭേദങ്ങളെയും തടയാം. ഡെൽറ്റാ പ്ളസ്, വാക്സിൻ പ്രതിരോധത്തെ അതിജീവിക്കുമെന്നതിനും തെളിവില്ല.
കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകരുടെ സേവനങ്ങളെ ആദരിക്കണം. മഹാമാരി കൂടുതൽ പടരാതിരിക്കാനുള്ള സാഹചര്യം ഏല്ലാവരും ചേർന്നൊരുക്കണം. പ്രതിരോധ മാർഗങ്ങൾ പാലിക്കുകയും വാക്സിനെടുക്കുകയും ചെയ്താൽ ആശുപത്രികൾക്കും ഡോക്ടർമാർക്കും സമ്മർദ്ദം കുറയുമെന്നും അദ്ദേഹം പറഞ്ഞു.