narendra-modi

ന്യൂഡൽഹി: കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങളും കണ്ടെത്തലുകളും ഡോക്ടർമാർ രേഖപ്പെടുത്തിയാൽ വരുംതലമുറയ്ക്ക് പ്രയോജനപ്പെടുന്ന ചരിത്രരേഖയായി അതു മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡോക്ടേഴ്സ് ദിനത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വീഡിയോ കോൺഫ്റൻസ് വഴി സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് ഉന്നത സേവനങ്ങൾ നൽകിയ ഡോക്ടർമാർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

കൊവിഡിനെ നാം എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ചുള്ള രേഖപ്പെടുത്തൽ, മനുഷ്യരാശിയെ സഹായിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചികിത്സയിലെ തങ്ങളുടെ അനുഭവങ്ങളും രോഗികളുടെ ലക്ഷണങ്ങളും ചികിത്സാ പദ്ധതിയും ഡോക്ടർമാർ സൂക്ഷ്മ വിശദാംശങ്ങൾക്കൊപ്പം രേഖപ്പെടുത്തുന്നത് നല്ലതാണ്. വിവിധ മരുന്നുകളുടെയും ചികിത്സകളുടെയും ഫലങ്ങൾ വിവരിക്കുന്ന ഒരു ഗവേഷണ പഠനരേഖയാക്കാം. വാക്‌സിനുകൾ നമ്മെ എങ്ങനെ സഹായിക്കുന്നു, നേരത്തെയുള്ള രോഗനിർണയം എങ്ങനെ സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങൾ കൂടുതൽ ആഴത്തിൽ പഠിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.