supremecourt

ന്യൂഡൽഹി:തട്ടിക്കൊണ്ടുപോയ ഇരയോട് പ്രതി മാന്യമായി പെരുമാറിയാൽ ജീവപര്യന്തം ശിക്ഷ വിധിക്കാനാവില്ലെന്ന് സുപ്രീം കോടതി. തെലങ്കാനയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയ ഓട്ടോ ഡ്രൈവർക്ക് ജീവപര്യന്തം ശിക്ഷ നൽകാത്ത കീഴ്‌കോടതി വിധിയെ ചോദ്യം ചെയ്ത് പിതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഡി എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

തട്ടിക്കൊണ്ട് പോകുകയോ തടവിൽ പാർപ്പിക്കുകയോ ചെയ്യുക,കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിക്കുക, മോചന ദ്രവ്യം നൽകിയില്ലെങ്കിൽ ഇരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക എന്നീ മൂന്ന് കുറ്റകൃത്യങ്ങൾ ചെയ്താൽ ഐ.പി.സി 364എ പ്രകാരം ജീവപര്യന്തം ശിക്ഷ വിധിക്കാം. എന്നാൽ, തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മറ്റു കുറ്റങ്ങൾ ചെയ്യാതിരുന്നാൽ ജീവപര്യന്തം നിലനിൽക്കില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

2011ൽ ഓട്ടോ ഡ്രൈറായ അഹമ്മദ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് സ്‌കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയിരുന്നു. കുട്ടിയുടെ പിതാവ് മോചന ദ്രവ്യം നൽകുന്നതിനിടെ പ്രതി പൊലീസ് പിടിയിലായി. തട്ടിക്കൊണ്ടുപോകൽ, മോചനദ്രവ്യം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞെങ്കിലും ജീവപര്യന്തത്തിന് ആധാരമായ കുറ്റകൃത്യം തെളിയിക്കാനായില്ലെന്ന് കീഴ്‌കോടതി വ്യക്തമാക്കിയിരുന്നു.സുപ്രീം കോടതി ഇതു ശരിവച്ചു.