cm

ന്യൂഡൽഹി: ആറുമാസത്തിനകം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടണമെന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കാനാവില്ലെന്ന് ഉറപ്പായതോടെ രാജിവച്ച തീറാത്ത് സിംഗ് റാവത്തിന് പകരം പുഷ്‌കർ സിംഗ് ധാമി ( 45 )

എം. എൽ. എ ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് വൈകിട്ട് 5 മണിക്കാണ് സത്യപ്രതിജ്ഞ.

ബി.ജെ.പി സർക്കാരിൽ നാലു മാസത്തിനുള്ളിൽ വരുന്ന മൂന്നാം മുഖ്യമന്ത്രിയാണ് ധാമി. ഉത്തരാഖണ്ഡിലെ 11-ാം മുഖ്യമന്ത്രിയാണ്.

57 ബി.ജെ.പി എം.എൽ.എമാർ ഇന്നലെ ഡെറാഡൂണിൽ യോഗം ചേർന്നാണ് ധാമിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. കേന്ദ്ര നിരീക്ഷകനായി വന്ന കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദുഷ്യകുമാർ ഗൗതത്തിനൊപ്പം എം.എൽ.എമാരുമായി സമവായമുണ്ടാക്കിയാണ് ധാമിയെ പ്രഖ്യാപിച്ചത്.

പാർട്ടിയിലെയും സർക്കാരിലെയും ഭിന്നതകളെ തുടർന്ന് ത്രിവേന്ദ്ര സിംഗ് രാജിവച്ച ഒഴിവിലാണ് മാർച്ച് 10ന് തീറാത്ത് സിംഗ് റാവത്ത് മുഖ്യമന്ത്രിയായത്. ലോക്‌സഭാംഗമായ അദ്ദേഹത്തിന് ആറുമാസം പൂർത്തിയാകുന്ന സെപ്തംബർ 10നകം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടണമായിരുന്നു. എന്നാൽ കൊവിഡും ഒരുവർഷത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതും മൂലം ഉപതിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന് താത്പര്യമില്ലായിരുന്നു. ഡൽഹിയിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുമായും മറ്റും ചർച്ച നടത്തി ഡെറാഡൂണിലെത്തിയ റാവത്ത് വെള്ളിയാഴ്ച രാത്രി ഗവർണർക്ക് രാജി സമർപ്പിക്കുകയായിരുന്നു.

114 ദിവസം മാത്രം നീണ്ട ഭരണത്തിനിടെ വിവാദ പ്രസ്താവനകളിലൂടെ പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ റാവത്തിനെ നിലനിറുത്താൻ കേന്ദ്ര നേതൃത്വത്തിനും താത്പര്യമുണ്ടായിരുന്നില്ല. കൊവിഡ് രണ്ടാം തരംഗത്തിന് തൊട്ടുമുൻപ് ആർടി. പി.സി.ആർ പരിശോധന കൂടാതെ കുംഭമേള നടത്തി സന്യാസിമാർക്കും മറ്റും കൂട്ടത്തോടെ രോഗം ബാധിച്ചതും പെൺകുട്ടികൾ ഫാഷൻ ജീൻസുകൾ ഇടുന്നതിനെതിരെ നടത്തിയ പ്രസ്താവനയും റാവത്തിന് തിരിച്ചടിയായി.

പുഷ്‌കർ ധാമി

2002ൽ ബി.ജെ.പി മുഖ്യമന്ത്രി ഭഗത് സിംഗ് കോഷിയാരിയുടെ സ്പെഷൽ ഡ്യൂട്ടി ഓഫീസറായിരുന്നു. പിത്തോർഗഡ് സ്വദേശി. രണ്ടു തവണയായി ഖാതിമ മണ്ഡലത്തിലെ എം. എൽ. എ. നിയമ ബിരുദവും മാനവ ശേഷി മാനേജ്മെന്റിൽ ബിരുദാനന്ത ബിരുദവും. ആർ.എസ്.എസിലൂടെ രാഷ്‌ട്രീയത്തിൽ. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനായിരുന്നു.