jj

 എം.എൽ.എമാരുടെ പരാക്രമങ്ങൾ അംഗീകരിക്കാനാവില്ല

 കേസ് പിൻവലിക്കാൻ സർക്കാരിന് കഴിയില്ല

ന്യൂഡൽഹി: എം.എൽ.എമാർ നിയമസഭയ്ക്കുള്ളിൽ നടത്തിയ പരാക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി. മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർക്കെതിരായ 2015ലെ നിയമസഭാ കയ്യാങ്കളിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വാക്കാൽ നിരീക്ഷണം. നിയമസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ധനബിൽ അവതരണവുമായി ബന്ധപ്പെട്ട നടപടികൾ. ഇതാണ് എം.എൽ.എമാർ തടസപ്പെടുത്തിയത്. എം.എൽ.എമാർതന്നെ പൊതുമുതൽ നശിപ്പിക്കുന്ന പ്രവൃത്തികൾ കണ്ടില്ലെന്ന് നടിക്കാനാവില്ല.

അന്ന് എം.എൽ.എമാർക്കെതിരെ രജിസ്റ്റർ ചെയ്ത സെക്ഷൻ 321 പ്രകാരമുള്ള വിചാരണ നടപടികൾ റദ്ദാക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നതിന് പിന്നിലെ ഔചിത്യമെന്താണെന്ന് സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറിനോട് കോടതി ആരാഞ്ഞു. നിയമസഭയിലെ പെരുമാറ്റത്തിൽ അൽപ്പമെങ്കിലും ഔചിത്യം കാണിക്കണം. ജനാധിപത്യത്തിൽ അത് അത്യാവശ്യമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു.

എന്ത് സന്ദേശമാണ് ഇതിലൂടെ എം.എൽ.എമാർ പൊതുസമൂഹത്തിന് നൽകിയതെന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ എം.ആർ. ഷാ ആരാഞ്ഞു. ഹർജി പരിഗണിക്കുന്നത് ജൂലായ് 15ലേക്ക് മാറ്റി. കേസ് പിൻവലിക്കരുതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജെഠ്മലാനി ആവശ്യപ്പെട്ടു. കേസിൽ ചെന്നിത്തല തടസ ഹർജി നൽകിയിരുന്നു. സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

സർക്കാർ വാദം

നിയമസഭ തന്നെ എം.എൽ.എമാർക്ക് ശിക്ഷാനടപടി നൽകിയിട്ടുണ്ട്. അതിനാൽ ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള കേസ് ആവശ്യമില്ല.

കോടതി പറഞ്ഞത്

പബ്ലിക് പ്രോസിക്യൂട്ടർക്ക് മാത്രമാണ് ഈ കേസ് പിൻവലിക്കാനുള്ള അധികാരം. സംസ്ഥാന സർക്കാരിന് അധികാരമില്ല. ഈ സാഹചര്യത്തിൽ സർക്കാർ എന്തിന് വേണ്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഹൈക്കോടതിയും നിരസിച്ചിരുന്നു

കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം മാർച്ച് 12ന് ഹൈക്കോടതിയും നിരസിച്ചിരുന്നു. പ്രതികൾ വിചാരണ നേരിടണമെന്നും നിർദേശിച്ചിരുന്നു.

പ്രതിപ്പട്ടികയിലുള്ളവർ

1. മന്ത്രി വി. ശിവൻകുട്ടി

2. മുൻമന്ത്രി ഇ.പി. ജയരാജൻ

3. കെ.ടി. ജലീൽ എം.എൽ.എ

4. സി.കെ. സദാശിവൻ

5. കെ. അജിത്

6. കെ. കുഞ്ഞഹമ്മദ്

കെ.എം. മാണി അഴിമതിക്കാരനെന്ന് സർക്കാർ

അന്നത്തെ ധനമന്ത്രി കെ.എം.മാണി അഴിമതിക്കാരനായിരുന്നുവെന്നും അതിനെതിരെയാണ് എം.എൽ.എമാർ നിയമസഭയിൽ പ്രതിഷേധിച്ചതെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ ബഡ്ജറ്റ് അവതരണമാണ് തടസപ്പെടുത്തിയത്. ആ പ്രതിഷേധമാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത് കുമാർ കോടതിയിൽ അറിയിച്ചു. എന്തുകൊണ്ടാണ് ഇത്തരമൊരു ആക്രമണം എം.എൽ.എമാർ നടത്തിയതെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു മറുപടി. നിയമസഭയിൽ നടന്ന സംഭവങ്ങളിൽ എം.എൽ.എമാരെ സ്പീക്കർ സസ്‌പെന്റ് ചെയ്തിരുന്നുവെന്നും സഭയ്ക്കുള്ളിൽ നടന്ന പ്രവൃത്തികളിൽ ക്രിമിനൽ കേസെടുക്കാനാവില്ലെന്നും സർക്കാർ വാദിച്ചു. ഇത് സഭാനിയമങ്ങൾക്ക് എതിരാണെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ ഇത്തരം പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ലെന്ന് കോടതി മറുപടി നൽകി.

.