
ന്യൂഡൽഹി : ഫാ. സ്റ്റാൻ സ്വാമിയുടെ മരണവാർത്ത ആദ്യം അറിയിച്ചത് ബോംബെ ഹൈക്കോടതിയിലാണ്. ജാമ്യഹർജി ഇന്നലെ ഉച്ചയ്ക്ക് പരിഗണിക്കവേ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രി ഡയറക്ടർ ഇയാൻ ഡിസൂസയ്ക്ക് ഒരു കാര്യം ബോധിപ്പിക്കാനുണ്ടെന്ന് സ്റ്റാൻ സ്വാമിയുടെ അഭിഭാഷകൻ മിഹിർ ദേശായി കോടതിയെ അറിയിച്ചു. അനുമതി ലഭിച്ചതോടെ ഞായറാഴ്ച പുലർച്ചെ 2.30 ന് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞുവെന്ന് ഡോക്ടർ അറിയിച്ചു.
വിവരം കേട്ട ബോംബെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ജഡ്ജി ജസ്റ്റിസ് എസ്. എസ്. ഷിൻഡെ ഇങ്ങനെ പ്രതികരിച്ചു. ''അദ്ദേഹത്തിന്റെ മരണ വാർത്തയിൽ അക്ഷരാർത്ഥത്തിൽ ഞങ്ങൾ സ്തബ്ധരാണ്. ഏറ്റവുമൊടുവിൽ നടന്ന വിചാരണയിലും അദ്ദേഹത്തിന് ഇഷ്ടമുള്ള ആശുപത്രിയിൽത്തന്നെ ചികിത്സ തുടരാൻ ഞങ്ങളനുവദിച്ചിരുന്നു. ഞങ്ങൾക്ക് പറയാൻ വാക്കുകളില്ല"'.