പരിഷ്കാരം 2021-22ൽ മാത്രം
ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു വർഷവും ബോർഡ് പരീക്ഷകളിൽ അനിശ്ചിതത്വം നേരിട്ടതിനാൽ മൂല്യനിർണയ രീതിയിൽ മാറ്റം വരുത്താൻ സി.ബി.എസ്.ഇ ഒരുങ്ങുന്നു. 2021-22 ൽ 10, 12 ക്ലാസ് പരീക്ഷകളിൽ നടപ്പാക്കും.
രണ്ടു ടേമുകളിൽ പരീക്ഷയുണ്ടാകും. ആകെ സിലബസിനെ രണ്ടായി വിഭജിച്ചാകും പരീക്ഷാസിലബസ്. ആദ്യ ടേം പരീക്ഷ നവംബർ - ഡിസംബറിലും രണ്ടാം ടേം പരീക്ഷ മാർച്ച് -ഏപ്രിൽ മാസങ്ങളിലും നടത്തും.
അദ്ധ്യയനത്തിന്റെ ആരംഭം മുതൽ മൂല്യനിർണയം ആരംഭിക്കാവുന്ന രീതിയിൽ ഇന്റേണൽ മാർക്കിന് കൂടുതൽ പ്രാധാന്യം നൽകും. അദ്ധ്യയന വർഷത്തിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള വിദ്യാർത്ഥിയുടെ പ്രകടനം രേഖപ്പെടുത്താൻ സ്റ്റുഡന്റ് പ്രൊഫൈൽ ഒരുക്കും. ഇന്റേണൽ മാർക്കുകൾ അപ്പപ്പോൾ സി.ബി.എസ്.ഇയുടെ ഐ.ടി പ്ലാറ്റ് ഫോമിൽ സ്കൂളുകൾ അപ്ലോഡ് ചെയ്യണം. ടേം സിലബസിനൊപ്പം മൂല്യനിർണയം സംബന്ധിച്ച് കൂടുതൽ വിവരങ്ങളും പുറത്തുവിടും. സ്കൂളുകൾ തുറക്കാൻ കേന്ദ്രം നിർദ്ദേശിക്കുംവരെ ഓൺലൈൻ ക്ലാസുകൾ തുടരും.
11, 12 ക്ലാസുകളിലെ കുട്ടികൾക്ക് ഓരോ ടോപ്പിക്ക് അവസാനിക്കുമ്പോഴും നടത്തുന്ന യൂണിറ്റ് ടെസ്റ്റ്, പ്രാക്റ്റിക്കൽ എന്നിവയുടെ അടിസ്ഥാനത്തിലാകും ഇന്റേണൽ മാർക്ക് നിശ്ചയിക്കുക 9,10 ക്ലാസുകളിൽ വർഷത്തിൽ 3 തവണയുള്ള പീരിയോഡിക്കൽ പരീക്ഷകൾ, വിദ്യാർത്ഥിയുടെ പോർട്ട് ഫോളിയോ, പ്രാക്റ്റിക്കൽ പരീക്ഷകൾ, സ്പീക്കിംഗ് ആൻഡ് ലിസണിംഗ് ആക്റ്റിവിറ്റികൾ എന്നിവയുടെ അടിസ്ഥാനത്തിലാകും ഇന്റേണൽ.