ന്യൂഡൽഹി: ജമ്മുവിൽ സത്‌വാരി വ്യോമതാവളത്തിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ സ്ഫോടനത്തിന്റെ തീവ്രത കൂട്ടാൻ മൂന്നു കിലോയോളം ആർ.ഡി.എക്സ് ഉപയോഗിച്ചതായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി. ഒന്നര കിലോ വീതം ആർ.ഡി.എക്സ് വച്ച ഐ.ഇ.ഡികൾ രണ്ട് ജി.പി.എസ് നിയന്ത്രിത ഡ്രോണുകളിൽ കൊണ്ടുവന്ന് സ്ഫോടനം നടത്തിയെന്നാണ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.
ജൂൺ 27ന് നടന്ന സ്ഫോടനത്തിന് പിന്നിൽ ലഷ്കർ ഇ തോയിബയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. ആറ് മിനിട്ട് ഇടവേളയിൽ നടന്ന രണ്ട് സ്ഫോടനങ്ങളുടെ ശക്തിയിൽ വ്യോമതാവളത്തിന്റെ ടെക്നിക്കൽ ഏരിയയിലെ ഒരു കെട്ടിടത്തിന്റെ ഭാഗം തകർന്നിരുന്നു. രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.