sc

ന്യൂഡൽഹി: മാതാപിതാക്കൾ അനധികൃതമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന തന്റെ യോഗാശിഷ്യയും ആത്മസഖിയുമായ പെൺകുട്ടിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 'ആത്മീയഗുരു" സമർപ്പിച്ച ഹേബിയസ് കോർപ്പസ് സുപ്രീംകോടതി തള്ളി. പെൺകുട്ടിയോട് ഒരു മാസത്തിന് ശേഷം ജില്ലാ ജഡ്ജി നേരിട്ട് സംസാരിച്ച് റിപ്പോർട്ട് തയാറാക്കി സുപ്രീംകോടതിയിൽ സമർപ്പിക്കാൻ കേരള ഹൈക്കോടതി രജിസ്ട്രാറോട് കോടതി നിർദ്ദേശിച്ചു.

പ്രായപൂർത്തിയായ സ്ത്രീയുടെ സഞ്ചാരസ്വാതന്ത്ര്യം അടക്കം ഹനിക്കപ്പെടുകയാണെന്ന് ആത്മീയഗുരുവിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. എന്നാൽ വാദം നിരാകരിച്ച ചീഫ് ജസ്റ്റിസ്, പെൺകുട്ടിയെ നിലവിൽ സ്വതന്ത്രയായി വിടാനുള്ള മാനസികാവസ്ഥയില്ലെന്ന് പ്രതികരിച്ചു. ആത്മീയഗുരുവിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ മാതാവ് പോലും സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പേരിൽ പോസ്‌കോ കേസുമുണ്ട്. ഈ സാഹചര്യത്തിലുള്ളയാളെ വിശ്വസിച്ച് എങ്ങനെ പെൺകുട്ടിയെ ഒപ്പം വിടുമെന്ന് കോടതി ആരാഞ്ഞു. പെൺകുട്ടിയെ ഹർജിക്കാരനൊപ്പം വിടാനല്ല മറിച്ച് സ്വതന്ത്രയാക്കാനാണ് ആവശ്യപ്പെടുന്നതെന്ന് ഹർജിക്കാരൻ അറിയിച്ചു.

ഇതിനിടെയാണ് പോപ് ഗായിക ബ്രിട്നി സ്പിയേഴ്‌സിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പരാമർശിച്ചത്. യു.എസിൽ വ്യക്തിയുടെ അനുമതിയോടെ മാത്രമേ ചികിത്സ നടത്താനാകുവെന്നാണ് നിയമമെന്നും ഈ നിയമത്തിന്റെ മറ ബ്രിട്നി പിടിച്ചപ്പോൾ ഒരു കുടുംബം ഇപ്പോൾ നടുത്തെരുവിൽ നിൽക്കുകയാണെന്നും കോടതി പരാമർശിച്ചു. ഇന്ത്യയിലെ ഏത് മാതാപിതാക്കളാണ് 21 വയസുള്ള പെൺകുട്ടിയ്ക്ക് മാനസികവെല്ലുവിളി നേരിടുന്നുവെന്ന് പരസ്യമായി പറയുക. ഈ കേസിൽ മാതാപിതാക്കൾ അത്തരത്തിൽ പ്രതികരിക്കുന്നുണ്ടെങ്കിൽ അതിൽ സത്യമുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.

2008 മുതൽ മാനസികവെല്ലുവിളി നേരിടുന്ന ബ്രിട്നിയുടെയും അവരുടെ സ്വത്തുക്കളുടെയും മേലുള്ള നിയന്ത്രണം ഗായികയുടെ അച്ഛൻ ജേമി സ്പിയേഴ്‌സാണ് കൈകാര്യം ചെയ്യുന്നത്. ഇതിനെതിരെ ബ്രിട്ട്‌നി സമർപ്പിച്ച ഹർജി കോടതിയുടെ പരിഗണനയിലാണ്. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി നിരസിച്ചതിനെത്തുടർന്നാണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്. ഡോക്ടർ കൂടിയായ 42കാരൻ ഗുരു ഭാര്യയേയും രണ്ട് പെൺമക്കളും അടങ്ങിയ കുടുംബത്തെയും ലൗകിക സുഖങ്ങളും ത്യജിച്ച് ജീവിക്കുന്നയാളാണെന്നാണ് ഹർജിയിൽ പറയുന്നു. 21കാരിയായ തന്റെ ആത്മസഖിയെ കഴിഞ്ഞ വർഷം ഒക്ടോബർ 26ന് തന്റെ അടുത്ത് നിന്ന് മാതാപിതാക്കൾ പിടിച്ച് കൊണ്ടു പോയി തടവിലാക്കിയിരിക്കുന്നുവെന്നാണ് ഇയാളുടെ വാദം