covid

ന്യൂഡൽഹി: കൊവിഡ് ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ വടക്കെ ഇന്ത്യയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. ഹിമാചൽ പ്രദേശിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മനാലിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വി​നോദ സഞ്ചാരി​കൾ കൂട്ടത്തോടെ എത്തുന്നത് നി​യന്ത്രി​ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നി​ർദ്ദേശം നൽകി​.

ഡൽഹി അടക്കം വടക്കെ ഇന്ത്യയിൽ ചൂടുകൂടി​യതോടെയാണ് ഹിമാചൽ പ്രദേശി​ലെയും മറ്റും ടൂറി​സ്റ്റ് കേന്ദ്രങ്ങളി​ൽ തി​രക്ക് കൂടി​യത്. ആൾക്കൂട്ടം

നി​യന്ത്രി​ക്കാൻ കഴി​ഞ്ഞി​ല്ലെങ്കി​ൽ വീണ്ടും ലോക്ക്ഡൗൺ​ ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. രാജ്യത്ത് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്. വൈറസ് നമുക്കിടയിലുണ്ടെന്ന് ആരും മറക്കരുതെന്ന് മനാലിയിലെ ആൾക്കൂട്ടത്തെക്കുറിച്ച് പരാമർശിക്കവെ കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. മഹാരാഷ്‌ട്ര, കേരളം, തമി​ഴ്നാട്, ആന്ധ്രാ, അരുണാചൽ പ്രദേശ്, ത്രി​പുര, മേഘാലയ, സി​ക്കിം സംസ്ഥാനങ്ങളി​ൽ ഇപ്പോഴും ടി​.പി​.ആർ പത്തു ശതമാനത്തി​ന് മുകളി​ലാണെന്നും അദ്ദേഹം ചൂണ്ടി​ക്കാട്ടി​.

മാർച്ചിന് ശേഷം കുറഞ്ഞ പ്രതിദിന വർദ്ധന

ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 34,703 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 18ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർദ്ധനയാണിത്. 553 പേർ കൂടി കൊവിഡിന് കീഴടങ്ങി.

രണ്ടാം വ്യാപനത്തിന്റെ തുടക്കത്തിൽ മാർച്ച് 18ന് 35,781 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ഏപ്രിൽ,മെയ് മാസങ്ങളിൽ കേസുകൾ കുത്തനെ കൂടി. നിലവിൽ രാജ്യത്ത് 464,357പേരാണ് ചികിത്സയിലുള്ളത്.