കർണാടകത്തിന്റെ പ്രതിനിധിയാണെങ്കിലും മോദി മന്ത്രിസഭയിൽ വി.മുരളീധരനൊപ്പം രണ്ടാമത്തെ മലയാളിയായി ഇടം നേടിയിരിക്കുകയാണ് പ്രമുഖ വ്യവസായി രാജീവ് ചന്ദ്രശേഖർ. 2006ൽ കർണാടകത്തിൽ നിന്ന് സ്വതന്ത്ര രാജ്യസഭാംഗമായ അദ്ദേഹം 2018മുതൽ ബി.ജെ.പിയുടെ ഭാഗമാണ്. യു.പി.എ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ടുജി സ്പെക്ട്രം അഴിമതി പാർലമെന്റിൽ ഉയർത്തിയത് അദ്ദേഹമായിരുന്നു. സാമ്പത്തികം, ഐ.ടി, വികസനം, സാങ്കേതികവിദ്യ, രാജ്യസുരക്ഷ, യുവാക്കളുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ നടത്തിയ ഇടപെടലുകളുടെ കൂടി അംഗീകാരമാണ് മന്ത്രിസ്ഥാനം. ബി.ജെ.പി ദേശീയ വക്താവുമാണ്. 2016ൽ കേരള എൻ.ഡി.എ ഉപാദ്ധ്യക്ഷനായിരുന്നു.
വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന എം.കെ. ചന്ദ്രശേഖറിന്റെയും വള്ളിയുടെയും മകനായി അഹമ്മദാബാദിലാണ് ജനനം. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദവും ചിക്കാഗോ ഇല്ലിനോയി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി. അമേരിക്കയിലെ സിലിക്കൺ വാലിയിൽ കംപ്യൂട്ടർ ചിപ്പ് കമ്പനിയായ ഇന്റലിൽ സീനിയർ ഡിസൈൻ എൻജിനിയറായാണ് തുടക്കം. അവിടത്തെ അനുഭവങ്ങളുമായി ഇന്ത്യയിലെത്തിയ ചന്ദ്രശേഖർ 1994ൽ സർക്കാർ ആധിപത്യം നിലനിന്ന ഇന്ത്യൻ ടെലികോം മേഖലയിൽ വിപ്ളവം സൃഷ്ടിച്ച് ബി.പി.എൽ കമ്പനി തുടങ്ങി. അദ്ദേഹം നയിച്ച പന്ത്രണ്ട് വർഷം കേരളം, മുംബയ്, മഹാരാഷ്ട്ര, തമിഴ്നാട്,പുതുച്ചേരി, ഗോവ സർക്കിളുകളിൽ ബി.പി.എല്ലിന് ടെലികോം മേഖലയിൽ ഏറെ സ്വീകാര്യത ലഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചാനലുമായി ബന്ധപ്പെട്ട ജുപ്പിറ്റർ കാപ്പിറ്റൽ സ്ഥാപിച്ചതും ചന്ദ്രശേഖറാണ്.
2012ലും 2018ലും വീണ്ടും രാജ്യസഭാംഗമായി. വിവിധ പാർലമെന്ററി സമിതികളിൽ അംഗമായി. അദ്ദേഹത്തിന്റെ ഇടപെടലുകളാണ് ഡൽഹിയിൽ ദേശീയ യുദ്ധസ്മാരകം യാഥാർത്ഥ്യമാക്കിയത്. 1947ൽ ജമ്മുകാശ്മീർ ഓപ്പറേഷനിൽ പ്രധാന പങ്കുവഹിച്ച ഡക്കോട്ട ഡിസി-3 പരശുരാമ യുദ്ധവിമാനം ഇദ്ദേഹം വീണ്ടെടുത്ത് 2018ൽ വ്യോമസേനയ്ക്ക് കൈമാറിയിരുന്നു.
ബിസിനസിലും പങ്കാളിയായ അഞ്ജു ചന്ദ്രശേഖറാണ് ഭാര്യ. മക്കൾ: ദേവിക, വേദ്.