ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയാൻ സംസ്ഥാന സർക്കാരിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദ്ദേശം. പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് കത്തയച്ചു. സമ്പർക്കപ്പട്ടികയും നിരീക്ഷണവും ശക്തിപ്പെടുത്തൽ, പരിശോധന കൂട്ടണം, ആശുപത്രി സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലെ മുന്നൊരുക്കം, വാക്സിനേഷൻ ത്വരിതപ്പെടുത്തൽ തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമായും നൽകിയത്.
14 ജില്ലകളിലും ടി.പി.ആർ നിരക്ക് ഉയർന്നു നിൽക്കുന്നത് ആശങ്കാജനകമാണ്. കേരളത്തിൽ പൊതുവേ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും 10 ശതമാനത്തിന് മുകളിലുള്ള ടി.പി.ആർ ആശങ്കപ്പെടുത്തുന്നതാണ്. കണ്ണൂർ, കാസർകോട്, കൊല്ലം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ്. ഇവിടെ പ്രതിരോധം ശക്തമാക്കണം.
കൊല്ലം, വയനാട് ജില്ലകളിൽ നാലാഴ്ചയായി മരണനിരക്ക് കൂടുതലാണ്. ജൂൺ 28 മുതൽ ജൂലായ് നാലുവരെ തൃശൂർ, മലപ്പുറം ജില്ലകളിൽ 70ൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. എല്ലാ ജില്ലകളിലും ദിവസവും 200ലേറെ കേസുകൾ രേഖപ്പെടുത്തിയത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു.
ലോക്ക് ഡൗൺ പുതിയ ഇളവുകൾ ഇന്നുമുതൽ
തിരുവനന്തപുരം:ഇന്നുമുതൽ 14 വരെയുള്ള ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നു. ശനി, ഞായർ സമ്പൂർണ ലോക്ക് ഡൗൺ.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങൾക്കു പുറമേ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവർത്തിക്കാം. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല.
എ, ബി, സി കാറ്റഗറികളിൽ സൂപ്പർ മാർക്കറ്റുകൾക്ക് തുറക്കാം. സി, ഡി വിഭാഗങ്ങളിൽപ്പെടുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്കു സ്റ്റോപ്പ് ഉണ്ടാകില്ല.
എ, ബി വിഭാഗം
എല്ലാ സർക്കാർ ഓഫീസുകളും കമ്പനികളും കമ്മിഷനുകളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 100% ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.
15 ആളുകളെവരെ ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾക്ക് ആരാധനാലയങ്ങൾ തുറക്കാം.
ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിംഗ് അനുവദിക്കും.
ഹോട്ടലുകളും റസ്റ്റോറന്റുകളും ടെക്ക് എവേ, ഹോം ഡെലിവറി രാത്രി 9.30 വരെ
ജിമ്മുകൾ, ഇൻഡോർ സ്പോർട്സ് എന്നിവ എസി ഉപയോഗിക്കാതെ
ഒട്ടോറിക്ഷകൾ രണ്ടു യാത്രക്കാരെ കയറ്റി ഓടാം.
സി വിഭാഗം
ഓഫീസുകൾ 50% ആളുകളെ ഉപയോഗിച്ചു പ്രവർത്തിക്കാം.