ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രി പരേതനായ പി. രംഗരാജൻ കുമാരമംഗലത്തിന്റെ ഭാര്യയും സുപ്രീംകോടതി മുൻ അഭിഭാഷകയുമായ കിറ്റി കുമാരമംഗലത്തെ (67) വസന്ത് വിഹാറിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കവർച്ചാശ്രമത്തിനിടെയാണ് കൊലപാതകം. വീട്ടിലെ അലക്കുകാരനായ രാജു(24), സുഹൃത്തും വിദേശകാര്യമന്ത്രിലായത്തിലെ ഡ്രൈവറുമായ (താൽക്കാലികം) മുനീർക്ക സ്വദേശി രാകേഷ് രാജ് (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ചാശ്രമത്തിനിടെ രാജുവും രാകേഷും മറ്റൊരു സുഹൃത്തും ചേർന്ന് കിറ്റിയെ കൊലപ്പെടുത്തിയതാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഇംഗിത് പ്രതാപ് സിംഗ് പറഞ്ഞു.
ഭർത്താവിൻ്റെ മരണശേഷം കിറ്റിയും ജോലിക്കാരിയും മാത്രമാണ് വസന്ത് വിഹാറിലെ വീട്ടിൽ താമസിക്കുന്നത്. അഞ്ച് വർഷമായി രാജു ഈ വീട്ടിലെ ജോലിക്കാരനാണ്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് പ്രതികൾ മൂവരും വീട്ടിലെത്തിയത്. വാതിൽ തുറന്ന വീട്ടുജോലിക്കാരി മിഥിലയെ ഇവർ അക്രമിച്ച് ഒരു മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് കിറ്റിയെ മർദ്ദിച്ച് തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചയോടെ മിഥിലയാണ് തൻ്റെ ഭർത്താവിനെ വിളിച്ച് വരുത്തുകയും തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തത്.
മിഥിലയുടെ മൊഴിയിലാണ് രാജു പിടിയിലായത്.കവർച്ച മുതൽ പങ്കുവെച്ച കൂട്ടാളികൾ തനിക്കൊരു വിഹിതം എന്ന് പറഞ്ഞ് ഒരു ബാഗ് നൽകിയെന്ന് രാജു പൊലീസിന് മൊഴിനൽകി. അതിൽ വസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും രാജുവിനെ കബളിപ്പിച്ച് മറ്റുള്ളവർ മുങ്ങിയതാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. എന്നാൽ മറ്റൊരു പ്രതി രാകേഷിൽ നിന്ന് 60,000 രൂപ കണ്ടെടുത്തു. കൂട്ട് പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. സേലം എം. പി ആയിരുന്ന കിറ്റിയുടെ ഭർത്താവ് പി ആർ കുമാരമംഗലം നരസിംഹ റാവു, വാജ്‌പേയി മന്ത്രിസഭകളിൽ അംഗമായിരുന്നു. 2000ൽ മന്ത്രിയായിരിക്കെ കാൻസർ ബാധിച്ചാണ് രംഗരാജൻ അന്തരിച്ചത്.
കോൺഗ്രസ് നേതാവ് രംഗരാജൻ മോഹൻ കുമാരമംഗലം ഏകമകനാണ്.