bjp

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിലെ ആദ്യ പുന:സംഘടനയിൽ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രകാശ് ജാവദേക്കർ, രവിശങ്കർ പ്രസാദ്, ഹർഷ വർദ്ധൻ, രമേശ് പൊക്രിയാൽ തുടങ്ങിയ പ്രമുഖർക്ക് പാർട്ടി ഉത്തരവാദിത്വങ്ങൾ നൽകുമെന്ന് സൂചന. രാജിവച്ച 12 പേരിൽ താവർ ചന്ദ് ഗെലോട്ടിന് കർണാടകയിൽ ഗവർണർ സ്ഥാനം നൽകിയിട്ടുണ്ട്. മന്ത്രിസഭയിൽ തുടരുന്നവരുടെ വകുപ്പുകളിൽ മാറ്റം വരാനിടയുണ്ട്.

മന്ത്രിമാരെന്ന നിലയിലെ പ്രകടനം വിലയിരുത്തിയാണ് പലരെയും ഒഴിവാക്കിയത്. കൊവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ നഷ്‌ടമായത് ആരോഗ്യമന്ത്രി ഹർഷ വർദ്ധന്റെ പുറത്താകലിന് വഴിതെളിച്ചു. വനം പരിസ്ഥിതി, സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം മന്ത്രാലയങ്ങളിൽ നിന്ന് എല്ലാ മന്ത്രിമാരെയും ഒഴിവാക്കി.