ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആവിഷ്കരിച്ച കാർഷിക അടിസ്ഥാന സൗകര്യ ഫണ്ടിൽ നിന്ന് കാർഷികോത്പാദന വിപണന സമിതികൾ (എ.പി.എം.സി),സഹകരണ സംഘങ്ങളുടെ ദേശീയ- സംസ്ഥാന ഏകോപന സമിതികൾ, കർഷക ഉത്പാദന സംഘടനകളുടെ ഏകോപന സമിതികൾ (എഫ്.പി.ഒ), സ്വാശ്രയ സംഘങ്ങളുടെ ഏകോപന സമിതികൾ എന്നിവയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനായി വായ്പാ സൗകര്യം ലഭ്യമാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. ഒരേ പ്രദേശത്തു തന്നെ രണ്ടു കോടി രൂപ വരെ വായ്പ ലഭിക്കും.
മാർക്കറ്റുകളെ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. പുതിയ കാർഷിക നിയമങ്ങൾ മാർക്കറ്റുകളെ ശക്തിപ്പെടുത്താനാണെന്ന സർക്കാരിന്റെ വാദം ഉറപ്പിക്കുന്നതാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് അടിസ്ഥാന വികസന പദ്ധതിക്ക് അംഗീകാരം
കൊവിഡ് ചികിത്സ ലക്ഷ്യമിട്ട് ആരോഗ്യമേഖലയിലെ അടിസ്ഥാന വികസനത്തിനും കുട്ടികളുടെ ചികിത്സയ്ക്കുമായി സംസ്ഥാനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന 23,220 കോടിയുടെ ആശ്വാസ പദ്ധതിക്കും മന്ത്രിസഭാ യോഗം അനുമതി നൽകി.
മെഡിക്കൽ, നഴ്സിംഗ് വിദ്യാർത്ഥികളെ ജോലിക്കെടുക്കാനുള്ള ഫണ്ടിംഗും ഐ.സി.യു കിടക്കകൾ, ഓക്സിജൻ വിതരണം, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ആംബുലൻസ് തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കാനും പദ്ധതി പ്രയോജനപ്പെടും. പരിശോധനകൾ, രോഗങ്ങൾ കണ്ടെത്തൽ, ജനിതക പഠനം തുടങ്ങിയവയ്ക്കും വിഹിതം അനുവദിക്കും. 23,220 കോടിയിൽ കേന്ദ്രത്തിന്റെ പങ്ക് 15,000 കോടി രൂപയാണ്.