ന്യൂഡൽഹി: ഐ.ടി നിയമത്തിനെതിരെ കേരള, ഡൽഹി അടക്ക വിവിധ ഹൈക്കോടതികളിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമീപിച്ച ഹർജി 16ന് പരിഗണിക്കാനായി മാറ്റി. സമാന സ്വഭാവമുള്ള ജസ്റ്റിസ് ഫോർ റൈറ്റ്സ് ഫൗണ്ടേഷന്റെ ഹർജി ഇന്നലെ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ,സഞ്ജയ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ചിന് മുമ്പാകെ എത്തിയിരുന്നു. എന്നാൽ ഇതടക്കം എല്ലാ ഹർജികളും 16ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതികളിൽ നിലവിലുള്ള കേസുകളിലെ നടപടിക്രമം മരവിപ്പിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും നിലവിൽ ഒരു ഉത്തരവും പുറപ്പെടുവിക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ന്യൂസ് പോർട്ടലുകളായ ന്യൂസ്മിനിറ്റ്, വയർ, ലൈവ് ലോ തുടങ്ങിയവരാണ് ഐ.ടി. നിയമങ്ങൾക്ക് എതിരെ രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള 'ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021'ന്റെ സാധുതയെ ചോദ്യംചെയ്തുകൊണ്ടാണ് ഹർജികൾ. കഴിഞ്ഞ ദിവസം പി.ടി.ഐയും ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.