sullideals

 സൈറ്റ് പൂട്ടിച്ച് ഡൽഹി പൊലീസ്

 കേസെടുത്ത് ദേശീയ വനിതാകമ്മിഷൻ

ന്യൂഡൽഹി: മാദ്ധ്യമ പ്രവർത്തകരടക്കമുള്ള പ്രമുഖ മുസ്ലിം വനിതകളുടെ ചിത്രങ്ങൾ അപകീർത്തികരമായി ഉപയോഗിച്ച വെബ്‌സൈറ്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. 'മുസ്ലീം സ്ത്രീകൾ ലേലത്തിൽ" എന്ന തലക്കെട്ടിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത സുള്ളി ഡീൽ എന്ന വെബ്‌സൈറ്റിനെതിരെയാണ് കേസെടുത്തത് അന്വേഷണം ആരംഭിച്ചത്. ഗിറ്റ് ഹബ് എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് സുള്ളി ഡീൽ വെബ്‌സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഗിറ്റ് ഹബിനും ഡൽഹി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമായ മുസ്ലിം വനിതകളുടെ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തത്. ഇരയായവരിൽ വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, മാദ്ധ്യമപ്രവർത്തകർ, മലയാളികൾ തുടങ്ങിയവരുണ്ട്. ഒരോ ദിവസവും ഓരോ മുസ്ലീം സ്ത്രീയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത ശേഷം വെബ്‌സൈറ്റ് സന്ദർശിക്കുന്നവരോട് ലേലം വിളിക്കാൻ ആവശ്യപ്പെടുന്നതാണ് രീതി. ജൂലായ് നാല് മുതലാണ് വെബ്‌സൈറ്റിനെ കുറിച്ചുള്ള വാർത്തകൾ ട്വിറ്ററിലൂടെ പുറത്തുവരുന്നത്. ഇരുപത് ദിവസത്തോളം പ്രവർത്തിച്ച വെബ്‌സൈറ്റ് സൈബർ സെൽ ഇടപെട്ട് പൂട്ടിക്കുകയായിരുന്നു.

ദേശീയ വനിതാ കമ്മിഷനും ഡൽഹി വനിതാ കമ്മിഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത കമ്മിഷൻ എഫ്.ഐ.ആറിന്റെ പകർപ്പ്, അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു.

ആശങ്കയുളവാക്കുന്നത്

വാർത്ത ആശങ്കയുളവാക്കുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് വ്യക്തമാക്കി. നിയമപാലകരും ദേശീയ വനിതാകമ്മിഷനും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും തെറ്റുചെയ്തവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഗിൽഡ് ആവശ്യപ്പെട്ടു.