ന്യൂഡൽഹി: മദ്യം കലർന്ന വെള്ളം കുടിച്ചതോടെ പോത്തുകൾ 'ഫിറ്റായി'. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോത്തുകൾ വെള്ളംകുടിക്കുന്ന ടാങ്കിൽ നിന്ന് കണ്ടെത്തിയത് നൂറോളം മദ്യക്കുപ്പികൾ. അതോടെ മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ അനധികൃത മദ്യവിൽപന നടത്തിയ മൂന്ന് കർഷകർ പിടിയിലുമായി.
ഗാന്ധിനഗർ ജില്ലയിലെ ചിലോഡയിലാണ് സംഭവം. കർഷകരായ ദിനേശ്, അംബറാം, രവി ഠാക്കുർ എന്നിവരാണ് പിടിയിലായത്. മദ്യം കലർന്ന വെള്ളം കുടിച്ച് പോത്തുകൾ വിചിത്രമായി പെരുമാറുകയും വായിൽനിന്ന് നുരയും പതയും വരികയും ചെയ്തതോടെ കാര്യമറിയാതെ കർഷകർ മൃഗ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിപ്പിക്കുകയായിരുന്നു. അസുഖമൊന്നും ഉള്ളതായി കണ്ടെത്താനാകാത്തതിനാൽ പോത്തുകൾ കഴിച്ച ഭക്ഷണവും കുടിവെള്ളവും പരിശോധിച്ചു.
വെള്ളത്തിന് പ്രത്യേക മണവും നിറംമാറ്റവും കണ്ടതോടെ പോത്തുകൾ കുടിച്ച വെള്ളത്തിൽ മദ്യം കലർന്നിട്ടുണ്ടെന്ന് ഡോക്ടർക്ക് സംശയം തോന്നി. തുടർന്ന് വെള്ളം ശേഖരിച്ചുവെക്കുന്ന ടാങ്ക് പരിശോധിച്ചപ്പോളാണ് അതിൽ സൂക്ഷിച്ചിരിക്കുന്ന അനധികൃത മദ്യശേഖരം കണ്ടെത്തിയത്. 101 മദ്യക്കുപ്പികളാണ് വെള്ളത്തിൽ ഇറക്കിവച്ചിരുന്നത്. ഇതിൽ ചില കുപ്പികൾ പൊട്ടിയിരുന്നു. അതിൽ നിന്നുള്ള മദ്യം കലർന്ന വെള്ളമാണ് പോത്തുകൾ കുടിച്ചത്. മൃഗഡോക്ടർ വിവരമറിയിക്കുകയും പൊലീസെത്തി പരിശോധന നടത്തി മദ്യക്കുപ്പികൾ പിടിച്ചെടുക്കുകയുമായിരുന്നു. പിടിച്ചെടുത്ത മദ്യത്തിന് 35,000 രൂപയോളം വിലവരുമെന്ന് പൊലീസ് പറയുന്നു.