ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാനിയമം 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് പ്രശസ്‌ത മാദ്ധ്യമപ്രവർത്തകനും ഏഷ്യൻ സ്‌കൂൾ ഒഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ സുപ്രീം കോടതിയെ സമീപിച്ചു.
മണിപ്പൂരി മാദ്ധ്യമപ്രവർത്തകൻ കിഷോരെചന്ദ്ര വാങ്‌ഖേംഛാ , ആക്ടിവിസ്റ്റ് എറേന്ദ്രോ ലെയ്‌ചോംബം എന്നിവർ സമർപ്പിച്ച സമാനമായ ഹർജിയിൽ കക്ഷിചേരാനാണ് ശശികുമാർ റിട്ട് ഫയൽ ചെയ്തത്.അഭിഭാഷകരായ കാളീശ്വരം രാജ്, നിഷെ ഷോങ്കർ, തുളസി കെ രാജ് എന്നിവർ മുഖേനെയാണ് ഹർജി സമർപ്പിച്ചിത്. നാളെ കേസ് പരിഗണിക്കും.
രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് രാഷ്ട്രീയവത്കരിക്കപ്പെട്ട ഫാഷനായെന്ന് ശശികുമാർ ഹർജിയിൽ പറയുന്നു. 2016 മുതൽ രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നതിൽ വൻ വർദ്ധനവാണ് ഉണ്ടായത്. 2016ൽ 35രാജ്യദ്രോഹ കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2019ൽ അത് 93 ആയി വർദ്ധിച്ചു. 165 % വർദ്ധന. ഈ 93 കേസുകളിൽ 17% കേസിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. ശിക്ഷിക്കുന്ന കേസുകളും കുറവാണ്. വെറും 3.3 %.
2019ൽ 21കേസുകൾ തെളിവില്ലാത്തെ അവസാനിപ്പിച്ചിട്ടുണ്ട്. രണ്ട് കേസുകൾ വ്യാജമാണെന്നും ആറ് കേസുകൾ സിവിൽ തർക്കങ്ങളാണെന്നും കണ്ടെത്തി . 3,300 കർഷകർക്കെതിരെയും സമാനമായ കേസെടുത്തിട്ടുണ്ട്. ആക്ടിവിസ്റ്റ് ദിഷ രവി, മാധ്യമപ്രവർത്തകരായ സിദ്ദിഖ് കാപ്പൻ, വിനോദ് ദുവ, സംവിധായിക ആയിഷ സുൽത്താന, വിനോദ് കെ.ജോസ്,ശശി തരൂർ എം.പി. എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശശി കുമാറിന്റെ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.