tt

ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായുള്ള വാക്‌പോരുകൾക്ക് ശേഷം ഐ.ടി ചട്ടമനുസരിച്ച് ട്വിറ്റർ ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി വിനയ് പ്രകാശിനെ നിയമിച്ചു. grievance-officer-in @ twitter.com എന്ന ഐഡിയിലൂടെയും നാലാം നില, ദ എസ്റ്റേറ്റ്, 121 ഡിക്കൻസൺ റോഡ്, ബാംഗളുരൂ എന്ന വിലാസത്തിലും പരാതികൾ അറിയിക്കാമെന്ന് ട്വിറ്റർ വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ നിയമപരിരക്ഷയുണ്ടാകില്ലെന്ന് ഡൽഹി ഹൈക്കോടതി അന്ത്യശാസനം നൽകി മൂന്നാം ദിവസമാണ് നിയമനം.

താത്കാലിക നിയമനമാണ് നടത്തിയത്. സ്ഥിരമായി ഒരാളെ നിയമിക്കാൻ എട്ടാഴ്ച സമയം വേണമെന്നാണ് ട്വിറ്റർ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ വിവരസാങ്കേതിക നിയമപ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെ കുറിച്ച് എല്ലാമാസവും റിപ്പോർട്ട് തയാറാക്കുക, പരാതികളിൽ എടുത്ത നടപടികൾ തുടങ്ങിയ കാര്യങ്ങൾ ഇനി ചെയ്യേണ്ടത് പരാതി പരിഹാര ഓഫീസറായിരിക്കും.

എന്നാൽ ചീഫ് കംപ്ലെയൻസ് ഓഫീസറെ ഇതുവരെ ട്വിറ്റർ നിയമിച്ചിട്ടില്ല. ധർമേന്ദ്ര ചതുറിനെ നേരത്തെ ഇടക്കാല റെസിഡൻസ് ഗ്രിവിയൻസ് ഓഫീസറായി നിയമിച്ചിരുന്നെങ്കിലും കഴിഞ്ഞ മാസം രാജിവച്ചിരുന്നു.