ന്യൂഡൽഹി: കഴിഞ്ഞ 27ന് ജമ്മു വ്യോമത്താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് നടന്ന ഇരട്ട സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ സൈന്യത്തിന് പങ്കുള്ളതായി സൂചന. ബോംബുകളിലെ പ്രഷർ ഫ്യൂസുകളാണ് പാക് സൈന്യത്തിന് നേർക്ക് വിരൽ ചൂണ്ടാൻ കാരണം. പാക് സൈന്യം മൈൻ പാടങ്ങളിലും ടാങ്ക് വേധ മൈനുകളിലും ഉപയോഗിക്കുന്നവയാണിത്. വ്യോമത്താവളത്തിന്റെകോൺക്രീറ്റ് മേൽക്കൂര തകർത്ത ഐ.ഇ.ഡി സാങ്കേതിക വിദഗ്ദ്ധർ ഉപയോഗിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവ ഉയരത്തിൽ നിന്ന് ശക്തിയായി താഴേക്ക് പതിക്കുമ്പോഴോ, വാഹനങ്ങളോ വ്യക്തികളോ ഇതിന് പുറത്ത് കൂടി കടന്ന് പോകുമ്പോഴോ ആണ് സ്ഫോടനമുണ്ടാകുന്നത്.
ഡ്രോൺ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനിലെ ലഷ്‌കറെ തയ്ബ സംഘമാണെന്ന് സംശയിക്കുന്നതായി നേരത്തേ ജമ്മു - കാശ്മീർ ഡി.ജി.പി. ദിൽബാംഗ് സിംഗ് വ്യക്തമാക്കിയിരുന്നു. പാക്ക് ചാര സംഘടനയായ ഐ.എസ്.ഐയുടെ പങ്കും സംശയിക്കുന്നു. എൻ.ഐ.എയും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്ഫോടനമുണ്ടായ ദിവസം പാക് അതിർത്തി കടന്ന് രണ്ട് ഡ്രോണുകൾ ഇന്ത്യൻ ഭാഗത്തേക്ക് പ്രവേശിക്കുന്നത് കണ്ടെന്നും. ഇവ പിന്നീട് താവി നദിക്ക് മുകളിലൂടെ പറന്നെന്നും സാക്ഷി മൊഴിയുണ്ട്. ഇന്ത്യ - പാക് അതിർത്തിയിലൂടെ ഒഴുകുന്ന നദിയാണ് താവി. ഡ്രോണുകൾ വിമാത്താവളം സ്ഥിതി ചെയ്യന്ന പടിഞ്ഞാറാൻ ദിശയിലേക്ക് പറന്നത് കണ്ടെന്ന് സാക്ഷി മൊഴിയും എൻ.ഐ.എക്ക് ലഭിച്ചിട്ടുണ്ട്.