delhi-lado-sarai-church

ന്യൂഡൽഹി: അനധികൃത നിർമ്മാണമെന്ന് ആരോപിച്ച് ഡൽഹി ലാഡോ സറായിൽ സീറോ മലബാർ സഭയുടെ കീഴിലുള്ള ലി​റ്റിൽ ഫ്‌ളവർ പള്ളി ജില്ലാ ഭരണകൂടം പൊളിച്ചതിൽ പ്രതിഷേധിച്ച് വിശ്വാസികൾ റോഡ് ഉപരോധിച്ചു. പള്ളിക്കെട്ടിടവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കൊവിഡ് നിയന്ത്രണങ്ങൾ മുതലെടുത്ത് പൊളിച്ചെന്നാണ് വിശ്വാസികളുടെ ആരോപണം. പള്ളി പൊളിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടതാണ്. പള്ളി പൊളിക്കുമെന്ന് സൂചിപ്പിച്ച് കഴിഞ്ഞ വെള്ളിയാഴ്ച നോട്ടീസ് വന്നിരുന്നു. എന്നാൽ വിശ്വാസികൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമെത്തി പള്ളിയും അനുബന്ധ കെട്ടിടങ്ങളും പൂർണമായും പൊളിച്ചു നീക്കി. ജില്ലാ ഭരണകൂടത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചു.