sc1

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികൾ ഹിന്ദുക്കളുടെ അവകാശങ്ങൾ ഹനിക്കുന്നതല്ലെന്ന് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹിന്ദുമത വിഭാഗത്തിൽ ജനിച്ചതിനാൽ തങ്ങൾ വിവേചനം നേരിടുന്നെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷൻ ആക്ട് റദ്ദാക്കണമെന്നും ആരോപിച്ച് ആറുപേർ ചേർന്ന് നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

ന്യൂനപക്ഷ ക്ഷേമപദ്ധതികളെന്നും ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയ്ക്ക് എതിരല്ലെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ പറയുന്നു.

ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ടവരുടെ വിദ്യാഭ്യാസവും തൊഴിൽപരവുമായ ഉന്നമനം ലക്ഷ്യമിട്ടുമാണ് ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ക്ഷേമപദ്ധതികളുടെ അനൂകൂല്യം ലഭിക്കില്ല. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കാവസ്ഥയിൽ ഉള്ളവർക്ക് മാത്രമേ അനൂകൂല്യങ്ങൾ നൽകുന്നുള്ളൂ. അസമത്വങ്ങൾ ഒഴിവാക്കുന്നതിനായാണ് ഇത്. ഈ പദ്ധതികൾ ഭരണഘടനാപരമായി സാധുവാണ്.

വഖഫ് ബോർഡുകൾ ഉൾപ്പടെയുള്ള ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഹിന്ദുക്കളുടെ മഠങ്ങൾ, അഖാഡകൾ, ട്രസ്റ്റുകൾ എന്നിവയ്ക്ക് ലഭിക്കുന്നില്ലെന്നും ഹർജിക്കാരുടെ ആരോപണം തെറ്റാണ്.

അതിനാൽ ഹർജി തള്ളണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു. സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ കണ്ടെത്തുന്നതിന് ദേശീയ പിന്നാക്ക കമ്മിഷൻ ഉള്ളതിനാൽ 1992ലെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ആക്ട് റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.