rahul-gandhi

ന്യൂഡൽഹി: ചൈനീസ് അതിർത്തിലെ സാഹചര്യങ്ങളും അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീഷണി വളരുന്നതും ചർച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ പ്രതിരോധത്തിനായുള്ള പാർലമെന്ററി സമിതി യോഗം ബഹിഷ്കരിച്ചു. കന്റോൺമെന്റ് ബോർഡുകളുമായി ബന്ധപ്പെട്ട വിഷയമാണ് യോഗത്തിൽ അജണ്ടയെന്നും മുൻകൂട്ടി നിശ്ചയിക്കാത്ത വിഷയങ്ങൾ ചർച്ച ചെയ്യാനാകില്ലെന്നും സമിതി ചെയർമാനും ബി.ജെ.പി എംപിയുമായ ജുവൽ ഓറം വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് ബഹിഷ്കരിച്ചത്.

അതിർത്തിലെ സാഹചര്യങ്ങളും അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീഷണി ഉയരുന്നതും രാജ്യത്തിന് പ്രധാനപ്പെട്ടതാണെന്നും കന്റോൺമെന്റ് ബോർഡ് വിഷയം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഒരു വിഷയം ചർച്ച ചെയ്യാൻ സമിതി അംഗങ്ങൾ 14 ദിവസം മുമ്പ് അറിയിക്കണമെന്നാണ് ചട്ടമെന്നും ഇക്കൊല്ലത്തെ അജണ്ട നിശ്ചയിച്ച കഴിഞ്ഞ യോഗത്തിൽ രാഹുൽ പങ്കെടുത്തില്ലെന്നും ജുവൽ ഓറം പറഞ്ഞു. പ്രതിരോധ സമിതി യോഗത്തിൽ രാഹുൽ സ്ഥിരമായി പങ്കെടുക്കാത്തതിനെ ബി.ജെ.പി സ്ഥിരമായി പരിഹസിക്കാറുണ്ട്.