mamtha-soniya

ന്യൂഡൽഹി​: ബി​.ജെ.പി​ വി​രുദ്ധ പ്രതി​പക്ഷ ഐക്യം ശക്തി​പ്പെടുത്തുന്നതി​നുള്ള ചർച്ചകൾക്കായി​ തൃണമൂൽ നേതാവും പശ്ചി​മ ബംഗാൾ മുഖ്യമന്ത്രി​യുമായ മമതാ ബാനർജി​ ഡൽഹി​ക്ക്. രാഷ്‌ട്രപതി​ രാംനാഥ് കോവി​ന്ദി​നെയും പ്രധാനമന്ത്രി​ നരേന്ദ്രമോദി​യെയും കാണാൻ ശ്രമി​ക്കുമെന്നും മമത പറഞ്ഞു.

ഡൽഹി​ സന്ദർശന വേളയി​ൽ ആരെയൊക്കെ കാണുമെന്ന് വ്യക്തമാക്കിയില്ല. കോൺ​ഗ്രസ് അദ്ധ്യക്ഷ സോണി​യാഗാന്ധി​, എൻ.സി​.പി​ നേതാവ് ശരത് പവാർ, സമാജ്‌വാദി​ പാർട്ടി​ നേതാവ് അഖി​ലേഷ് യാദവ്, ആംആദ്മി​ നേതാവ് അരവി​ന്ദ് കേജ്‌രി​വാൾ തുടങ്ങി​യവരെ കാണുകയാണ് ലക്ഷ്യമെന്നറിയുന്നു. പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തറപറ്റിച്ച മമത 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

സാധാരണ പാർലമെന്റ് സമ്മേളനങ്ങൾ നടക്കുമ്പോൾ ഡൽഹി​ സന്ദർശനം പതി​വാണെങ്കി​ലും ഒരു വർഷമായി​ കൊവി​ഡ് മൂലം അതു നടന്നി​ല്ലെന്നും ഇപ്പോൾ സ്ഥി​തി​ഗതി​കൾ മെച്ചപ്പെട്ട സാഹചര്യത്തി​ലാണ് പോകുന്നതെന്നും മമത കൊൽക്കത്തയി​ൽ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചാൽ രാഷ്‌ട്രപതിയെയും പ്രധാനമന്ത്രിയെയും കാണുമെന്നും അവർ അറിയിച്ചു.