prasanth-kishore-and-kama

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ ചില അഴിച്ചുപണികൾ നടത്തുമെന്ന് സൂചന. മദ്ധ്യപ്രദേശ്‌ മുൻ മുഖ്യമന്ത്രി കമൽനാഥിനെ വർക്കിംഗ് പ്രസിഡന്റാക്കുമെന്ന് കേൾക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇന്നലെ അക്കാര്യം നിഷേധിച്ചു.

തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോറിനെ ഉന്നത പദവി നൽകി പാർട്ടിയിൽ കൊണ്ടുവരുമെന്നും റിപ്പോർട്ടുണ്ട്.

ഇടക്കാല അദ്ധ്യക്ഷയായ സോണിയ ഗാന്ധിക്കു പകരം സ്ഥിരം അദ്ധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ കൊവിഡ് മൂലം നീളുന്ന സാഹചര്യത്തിലാണ് കമൽനാഥിനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും യു.പി. എ സർക്കാരിൽ കേന്ദ്രമന്ത്രിയുമായിരുന്ന കമൽനാഥ് മദ്ധ്യപ്രദേശ് രാഷ്‌ട്രീയത്തിൽ പിടിച്ചു നിൽക്കാൻ നടത്തിയ ശ്രമങ്ങൾ ഫലിച്ചില്ല. ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിമൂലം ഭരണം നഷ്‌ടപ്പെട്ടതിനാൽ അദ്ദേഹത്തിന് സംസ്ഥാനത്ത് പ്രത്യേക ദൗത്യങ്ങളൊന്നുമില്ല.

തൃണമൂലിനെ പശ്ചിമ ബംഗാളിൽ വീണ്ടും അധികാരത്തിലെത്തിച്ച പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പ് പ്രചാരണ ജോലിയിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. നവ്ജ്യോത് സിദ്ധുവിനെ കോൺഗ്രസിൽ എത്തിച്ച പ്രശാന്ത്, പഞ്ചാബ് കോൺഗ്രസ് ഘടകത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് എത്തിയതെന്ന സൂചനകളാണ് ആദ്യം വന്നത്. യു.പി തിരഞ്ഞെടുപ്പിലും മറ്റും കോൺഗ്രസുമായി സഹകരിച്ച പ്രശാന്തിനെ എ. ഐ. സി. സിയിൽ ഉന്നത പദവി നൽകി ഒപ്പം കൂട്ടാൻ രാഹുൽ ആലോചിക്കുന്നതായാണ് പുതിയ റിപ്പോർട്ട്.