drone-policy

ന്യൂഡൽഹി: ജമ്മു വ്യോമത്താവളത്തിലെ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് തയാറാക്കിയ പുതിയ ഡ്രോൺ പോളിസിയുടെ കരട് കേന്ദ്രസർക്കാർ പുറത്തിറക്കി. ആഗസ്റ്റ് അഞ്ചുവരെ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം.

കരട് നയത്തിലെ പ്രധാന വ്യവസ്ഥകൾ:

 രാജ്യത്തെ ഡ്രോൺ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ബിസിനസ് സൗഹൃദ, ഏകജാലക ഓൺലൈൻ സംവിധാനമായി സിവിൽ വ്യോമയാന ഡയറക്ടറേറ്റിന് കീഴിൽ ഡിജി​റ്റൽ സ്‌കൈ പ്ലാ​റ്റ്‌ഫോം വികസിപ്പിക്കും. ലൈസൻസ് അനുമതികളും മറ്റും അപേക്ഷകന് നേരിട്ട് ലഭിക്കും.


ഡ്രോണുകൾ പറത്താൻ നിയന്ത്രണമുള്ള പച്ച, മഞ്ഞ, ചുവപ്പ് മേഖലകളുടെ വ്യോമാതിർത്തി ഡിജിറ്റൽ സ്കൈയിൽ ലഭ്യമാക്കും.


 വിമാനത്താവള പരിധിക്കുള്ളിൽ നിയന്ത്രണങ്ങളോടെ ഡ്രോൺ പറത്താനുള്ള മഞ്ഞ മേഖല 45 കിലോമീ​റ്ററിൽ നിന്ന് 12 കിലോമീ​റ്ററായി കുറച്ചു


 സ്വഭാവിക അനുമതി ലഭിക്കുന്ന പച്ച മേഖലയിൽ 400 അടി വരെയും, എയർപോർട്ട് പരിധിക്കുള്ളിൽ നിന്ന് 8 മുതൽ 12 കിലോമീ​റ്റർ വരെയും 200 അടി വരെയും ഡ്രോൺ പറത്താൻ അനുമതി ആവശ്യമില്ല.


 മൈക്രോ ഡ്രോണുകൾ (വാണിജ്യേതര ഉപയോഗത്തിന്), നാനോ ഡ്രോൺ, ഗവേഷണവികസന സ്ഥാപനങ്ങൾക്കുള്ള ഡ്രോണുകൾ എന്നിവയ്ക്ക് പൈല​റ്റ് ലൈസൻസ് ആവശ്യമില്ല.


 ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഡ്രോൺ പ്രവർത്തനത്തിന് നിയന്ത്രണമില്ല.


 ഡ്രോണുകളുടെയും, ഡ്രോൺ ഘടകങ്ങളുടെയും ഇറക്കുമതി ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി. എഫ് ടി) നിയന്ത്രിക്കും


 രജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവയ്ക്ക് സുരക്ഷാ അനുമതി ആവശ്യമില്ല.


 ഗവേഷണവികസന സ്ഥാപനങ്ങൾക്ക് തിരിച്ചറിയൽ നമ്പർ, മുൻകൂർ അനുമതി, വിദൂര പൈല​റ്റ് ലൈസൻസ് എന്നിവ ആവശ്യമില്ല.


 ഡ്രോ പരിശീലനവും പരിശോധനയും നടത്തേണ്ടത് ഡി.ജി.സി.എയുടെ മേൽനോട്ടത്തിലുള്ള അംഗീകൃത പരിശീലന കേന്ദ്രങ്ങൾ വഴി മാത്രം.


 ഡ്രോൺ തിരിച്ചറിയൽ നമ്പർ ഡിജി​റ്റൽ സ്‌കൈ പ്ലാ​റ്റ്‌ഫോം വഴി.

 ചരക്ക് വിതരണത്തിനായി ഡ്രോൺ ഇടനാഴികൾ വികസിപ്പിക്കും.

 ഡ്രോൺ നിയന്ത്രണ നടപടികൾ ബിസിനസ് സൗഹൃദമാക്കുന്നതിന്, ഡ്രോൺ പ്രോമോഷൻ കൗൺസിൽ രൂപീകരിക്കും.