sc

ന്യൂഡൽഹി : ആര്യനാട്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭാര്യയ്ക്കും കാമുകനും കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ മാതാവ് സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായി ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചെന്ന പ്രതികളുടെ വാദം തെറ്റാണെന്ന് ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകൻ വിൽസ് മാത്യു വാദിച്ചു. ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ കോടതി പ്രതികൾക്ക് നോട്ടീസ് അയച്ചു.

നെടുമങ്ങാട് ആനാട് സ്വദേശി അരുണിനെ (36) കുത്തിക്കൊന്ന കേസിലാണ് ഭാര്യ അഞ്ജു, കാമുകൻ ശ്രീജു എന്നിവർ അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 24നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. അഞ്ജുവും ശ്രീജുവും തമ്മിലുള്ള അടുപ്പവും ഇതിനെ അരുൺ എതിർത്തതുമാണ് ദാരുണമായ കൊലപാതകത്തിന് കാരണമായത്. അഞ്ജുവും അരുണും പ്രണയിച്ചാണ് വിവാഹിതരായത്. 18 വയസ്സുള്ളപ്പോഴാണ് അഞ്ജു അരുണിനോടൊപ്പം ജീവിതം തുടങ്ങിയത്. തുടർന്ന് അരുണിന്റെ സുഹൃത്തും ലോറി ഡ്രൈവറുമായ ശ്രീജുവുമായി അഞ്ജു പ്രണയത്തിലായി. ഇതിനെച്ചൊല്ലി ദമ്പതികൾ നിരന്തരം തർക്കത്തിലായിരുന്നു.

സംഭവം നടക്കുന്ന ദിവസം അരുൺ അഞ്ജുവിന്റെ വീട്ടിലെത്തുമ്പോൾ ശ്രീജു വീട്ടിലുണ്ടായിരുന്നു. ഇതേത്തുടർന്ന് അരുണും ഭാര്യയും തമ്മിൽ വാക്കേറ്റമായി. ശ്രീജു വീട്ടിൽ വരുന്നതിനെ അരുൺ നേരത്തേ തന്നെ വിലക്കിയിരുന്നു. വാക്കേറ്റത്തിനിടെ ശ്രീജുവും അഞ്ജുവും ചേർന്ന് അരുണിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. തൊട്ടടുത്ത ദിവസം പ്രതികൾ പൊലീസിന്റെ പിടിയിലായി. അറുപത് ദിവസത്തിനകം ജാമ്യം ലഭിച്ചിരുന്നു.