ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് കേസുകൾ ഉയർന്നുനിൽക്കുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന കേരളം, കർണാടകം, ഒഡീഷ, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾ വരുന്ന ഘട്ടമാണിത്. കഴിഞ്ഞ ആഴ്ചയിലുണ്ടായ 80 ശതമാനം കേസുകളും 84 ശതമാനം മരണങ്ങളും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. രണ്ടാം കൊവിഡ് തരംഗം ഉത്ഭവിച്ച സംസ്ഥാനങ്ങൾ വേഗം സാധാരണ നിലയിലാകുമെന്നാണ് വിദഗ്ദ്ധർ വിശ്വസിച്ചത്. എന്നാൽ കേരളത്തിലും മഹാരാഷ്‌ട്രയിലും കേസുകൾ വർദ്ധിച്ചുവരുന്നു.
രണ്ടാം തരംഗത്തിന് മുമ്പ് ജനുവരി-ഫെബ്രുവരി മാസങ്ങളിലും സമാനമായ പ്രവണത കണ്ടിരുന്നു. അതിനാൽ കേസുകൾ വർദ്ധിക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം തരംഗത്തിന്റെ സാദ്ധ്യത മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികൾ കൈക്കൊള്ളണം.
കേസുകൾ തുടർച്ചയായി വർദ്ധിക്കുന്നത് വൈറസിന്റെ രൂപഭേദത്തിന് വഴിയൊരുക്കുമെന്നും അതുവഴി അപകടം ഉയരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിനോപ്പം പരിശോധന, രോഗം കണ്ടെത്തൽ, ചികിത്സ, വാക്‌സിനേഷൻ എന്നിവ ശക്തമായി തുടരേണ്ടതുണ്ട്. കൂടുതൽ രോഗികളുള്ള ജില്ലകളിൽ ശ്രദ്ധിക്കണം. ഉയർന്ന രോഗബാധയുള്ള പ്രദേശങ്ങൾക്കുള്ള തന്ത്രപരമായ ഉപാധിയാണ് വാക്സിനേഷൻ.
കുട്ടികളെ ശ്രദ്ധിക്കണം,
ആൾക്കൂട്ടം ഒഴിവാക്കണം
23,132 കോടി രൂപയുടെ അടിയന്തര കൊവിഡ് പാക്കേജ് ഉപയോഗപ്പെടുത്തി മെഡിക്കൽ പശ്ചാത്തല സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ മോദി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. യോഗത്തിൽ പങ്കെടുക്കുന്ന സംസ്ഥാനങ്ങൾക്ക് അനുവദിച്ച 332 പി.എസ്.എ ഓക്സിജൻ പ്ലാന്റുകളിൽ 53 എണ്ണം കമ്മീഷൻ ചെയ്തു. ബാക്കിയുള്ളവ ഉടൻ പ്രവർത്തനക്ഷമമാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കുട്ടികളുടെ പ്രതിരോധ കാര്യത്തിൽ വലിയ ശ്രദ്ധവേണം.
യൂറോപ്പ്, അമേരിക്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലൊക്കെ കൊവിഡ് നിയന്ത്രണത്തിലായ ശേഷം വീണ്ടും ഉയരുന്നത് പാഠമാക്കണം. ലോക്ക്ഡൗണിന് ശേഷം ചിലയിലിടങ്ങളിൽ ആൾക്കൂട്ടം പതിവാകുന്നു. ആൾക്കൂട്ടം ഒഴിവാക്കണം. ജനങ്ങളിൽ അവബോധം വ്യാപിപ്പിക്കാൻ രാഷ്‌ട്രീയ പാർട്ടികൾ, സാമൂഹിക, സന്നദ്ധ സംഘടനകൾ എന്നിവരോട് മോദി ആഹ്വാനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ അമിത് ഷായും മൻസുഖ് മാണ്ഡവ്യയും പങ്കെടുത്തു.