kanwar

ന്യൂഡൽഹി: കൊവി‌ഡ് കണക്കിലെടുത്ത് കാവഡ് യാത്ര റദ്ദാക്കിയ പശ്ചാത്തലത്തിൽ ഹരിദ്വാറിൽ നിന്ന് ഗംഗാ ജലം ടാങ്കറുകളിൽ ശേഖരിച്ച് യു.പി. അടക്കമുള്ള സംസ്ഥാനങ്ങളിലെത്തിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ അനുമതി നൽകി. കേന്ദ്ര സർക്കാരിന്റെ നി‌ർദ്ദേശപ്രകാരമാണിത്. ഈ ജലം ഉപയോഗിച്ച് വിശ്വാസികൾക്ക് സമീപത്തെ ശിവക്ഷേത്രങ്ങളിൽ പൂജ ചെയ്യാം. ഡൽഹി,​ യു.പി,​ മദ്ധ്യപ്രദേശ് തുടങ്ങി വിശ്വാസികളുള്ള എല്ലാ സംസ്ഥാനങ്ങൾക്കും ടാങ്കറുകളുമായെത്തി ഗംഗാ ജലം ശേഖരിച്ച് മടങ്ങാം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസികളെ ഉത്തരാഖണ്ഡിലേക്ക് കടക്കാൻ അനുവദിക്കില്ല.

25ന് ആരംഭിക്കുന്ന കാവഡ് യാത്ര ഉത്തരാഖണ്ഡ് അടക്കം എല്ലാ സംസ്ഥാനങ്ങളും റദ്ദാക്കിയിട്ടും യാത്രയ്ക്കുള്ള ഒരുക്കങ്ങളുമായി യു.പി. സർക്കാർ മുന്നോട്ട് പോവുകയാണ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി യു.പിയ്ക്ക് അന്ത്യശാസനം നൽകിയിരിക്കയാണ്.

കാവഡ് (കൻവാർ) യാത്ര

ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസികളാണ് കാവഡ് യാത്രയുടെ ഭാഗമാകുന്നവർ. ഹരിദ്വാർ, ഗോമുഖ്, ഗംഗോത്രി, ബീഹാറിലെ സുൽത്താൻഗഞ്ച് എന്നിവിടങ്ങളിലേക്ക് ശ്രാവണ മാസത്തിൽ (ജൂലായ്) കാൽനടയായി യാത്രചെയ്ത് ഗംഗാ നദിയിലിറങ്ങി രണ്ട് പാത്രങ്ങളിൽ വെള്ളം ശേഖരിക്കുന്നു. ഇത് കാവഡ് എന്ന് വിളിക്കുന്ന ഒരു മുളന്തണ്ടിൽ തുലാസ് പോലെ കെട്ടിത്തൂക്കി തോളിൽ ചുമന്ന് കാൽനടയായി തിരികെ നാടുകളിലേക്ക് പോകുന്നു. അതത് പ്രദേശങ്ങളിലെ ശിവക്ഷേത്രങ്ങളിൽ അഭിഷേകം നടത്തുന്നു. കൻവാർ യാത്രയെന്നും ഇതറിയപ്പെടുന്നു.