v

ന്യൂഡൽഹി: നിർമാതാക്കളിൽ നിന്നു കേന്ദ്ര സർക്കാർ വാങ്ങുന്ന കൊവിഡ് വാക്‌സിന്റെ വില പുതുക്കി. കൊവിഷീൽഡിന് ഡോസിന് 215.15 രൂപയും കൊവാക്‌സിന് ഡോസിന് 225.75 രൂപയുമാണ് പുതുക്കിയ വില. ഒരു ഡോസ് വാക്‌സിന് 150 രൂപയായിരുന്നു സർക്കാർ നിർമാതാക്കൾക്ക് നൽകി വന്നിരുന്നത്. ഈ വിലയ്ക്ക് വാക്‌സിൻ നൽകുന്നത് പ്രായോഗികമല്ലെന്ന് കമ്പനികൾ അറിയിച്ചിരുന്നു.

ആഗസ്റ്റ് മുതൽ ഡിസംബർ വരെ വിതരണം ചെയ്യാനുള്ള 66 കോടി ഡോസ് വാക്‌സിന് സർക്കാർ ഓർഡർ നൽകിയിട്ടുണ്ട്. കൊവിഷീൽഡ് 37.5 കോടി ഡോസും കൊവാക്‌സിൻ 28.5 കോടി ഡോസുമാണ് വാങ്ങുന്നത്. പുതുക്കിയ വിലയാണ് സർക്കാർ നൽകുക.

അതേസമയം, സ്വകാര്യ ആശുപത്രികൾക്ക് ഉയർന്ന വിലയ്ക്കാണ് നിർമാതാക്കൾ വാക്‌സിൻ നൽകുന്നത്. കൊവിഷീൽഡ് ഒരു ഡോസിന് 600 രൂപയും കൊവാക്‌സിന് 1,200 രൂപയും. കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയപ്രകാരം നിർമാതാക്കൾക്ക് പ്രതിമാസ ഉത്പാദനത്തിന്റെ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നൽകാം. വില കമ്പനികൾക്ക് നിശ്ചയിക്കാം.