ന്യൂഡൽഹി: ദേശീയ തലത്തിൽ പാർട്ടിയുടെ തിരിച്ചുവരവിനുള്ള ശ്രമം ശക്തമാക്കി പാർലമെന്റിലെ പാർട്ടി നേതൃ സമിതികൾ കോൺഗ്രസ് പുനഃസംഘടിപ്പിച്ചു. പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം ഏഴ് അംഗങ്ങൾ വീതമുള്ള സമിതിയാണ് ഇരു സഭകളിലും രൂപീകരിച്ചത്. ലോക്‌സഭാ സമിതിയിൽ കേരളത്തിൽ നിന്ന് ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരും രാജ്യസഭ സമിതിയിൽ കെ.സി. വേണുഗോപാലും ഉൾപ്പെട്ടിട്ടുണ്ട്.
ലോക്‌സഭയിലെ പാർട്ടി നേതാവായി ബംഗാളിൽ നിന്നുള്ള എം.പി അധീർ രഞ്ജൻ ചൗധരി തുടരും. ഗൗരവ് ഗൊഗോയ് ആണ് ഉപനേതാവ്. കൊടിക്കുന്നിൽ സുരേഷ് ചീഫ് വിപ്പാകും.
മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാവും ആനന്ദ് ശർമ ഉപനേതാവും ജയറാം രമേശ് ചീഫ് വിപ്പുമായ രാജ്യസഭ സമിതിയിൽ പി. ചിദംബരം, അംബിക സോണി, ദിഗ്‌വിജയ് സിംഗ് എന്നിവരുമുണ്ട്.
വിവിധ പാർട്ടികളുമായി സഹകരിച്ച് നയം തീരുമാനിക്കൽ, അംഗങ്ങളുടെ എണ്ണം സമാഹരിക്കൽ, ഏതൊക്കെ വിഷയം ഉയർത്തിപ്പിടിക്കണമെന്ന് നിർണയിക്കൽ തുടങ്ങിയവയാകും നേതൃതല സമിതികളുടെ പ്രധാന ചുമതല. പാർലമെന്റിൽ സ്വീകരിക്കേണ്ട നയം സംബന്ധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി രണ്ട് സമിതികളും സമ്മേളന ദിവസങ്ങളിൽ പ്രത്യേകം യോഗം ചേരും. സമിതികളുടെ സംയുക്ത യോഗം ചേരേണ്ട ഘട്ടത്തിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ കൺവീനർ സ്ഥാനം വഹിക്കുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.