china-india

ന്യൂഡൽഹി: വ്യോമാക്രമണത്തിൽ ഇന്ത്യയ്ക്കുള്ള മേധാവിത്വം മുന്നിൽ കണ്ട് കിഴക്കൻ ലഡാക് അതിർത്തിയിൽ സിൻജിയാംഗ് പ്രവിശ്യയിലെ ഷാക്‌ഷെ ടൗണിൽ ചൈന പുതിയ വ്യോമത്താവളം നിർമ്മിക്കുന്നു. ഇവിടെ നിന്ന് ചൈനീസ് യുദ്ധവിമാനങ്ങൾക്ക് പെട്ടെന്ന് നിയന്ത്രണരേഖയ്ക്ക് സമീപം എത്തിച്ചേരാനാകും. നിലവിൽ നിയന്ത്രണ രേഖയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള കാഷ്ഗർ, ഹൊഗാൻ വ്യോമത്താവളങ്ങളിൽ നിന്നാണ് യുദ്ധവിമാനങ്ങൾ വരേണ്ടത്.

ഷാക്‌ഷെ ടൗണിലെ പഴയ എയർബേസ് വ്യോമത്താവളമായി വികസിപ്പിക്കുകയാണ് ചൈന. കിഴക്കൻ ലഡാക് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന റഫാൽ അടക്കം മുൻനിര യുദ്ധവിമാനങ്ങൾ വിന്യസിച്ച സാഹചര്യത്തിലാണ് ചൈനയുടെ നീക്കം. അതിനിടെ ഉത്തരാഖണ്ഡിലെ ബാരാഹോതിക്ക് സമീപം അതിർത്തിയിൽ ചൈന പതിവായി ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത് ഇന്ത്യൻ സേനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.