parliment

ന്യൂഡൽഹി: പെഗാസസ് എന്ന ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ വിവാദം രണ്ടാം ദിവസവും പാർലമെന്റിനെ ഇളക്കിമറിച്ചു. രാഷ്‌‌ട്രീയ നേതാക്കളടക്കം പ്രമുഖരുടെ ഫോൺ ചോർത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവയ്ക്കണമെന്നും വിഷയം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി) അന്വേഷണത്തിന് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഇന്നലെ രാവിലെ സഭ സമ്മേളിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രധാനമന്ത്രിയുടെയും അമിത്ഷായുടെയും രാജി ആവശ്യപ്പെട്ട് ബഹളം തുടങ്ങി. ലോക്സഭ മൂന്നുതവണ നിറുത്തിവച്ച ശേഷം പിരിഞ്ഞു. രാജ്യസഭ ആദ്യം 12 മണി വരെയും പിന്നീട് 3വരെയും പ്രതിപക്ഷ ബഹളം കാരണം നിറുത്തിവച്ചു. കൊവിഡ് ചർച്ചയ്ക്കായി പ്രതിപക്ഷം വിട്ടുവീഴ്ച ചെയ്തതിനാൽ നാലുമണിക്ക് ശേഷം രാജ്യസഭ വീണ്ടും ചേർന്നു.

പ്രതിപക്ഷ നേതാക്കളുടെയും, മാദ്ധ്യമ പ്രവർത്തകരുടെയും, ജഡ്ജിമാരുടെയും ഉൾപ്പെടെ ഫോൺ ചോർത്തിയ സംഭവം സഭ നിറുത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസുകൾ ഇരുസഭയിലും പ്രതിപക്ഷാംഗങ്ങൾ നൽകിയെങ്കിലും അനുമതി നൽകിയില്ല. കേരളത്തിൽ നിന്ന്, കോൺഗ്രസ് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ, സി.പി.എം അംഗം എ.എം. ആരിഫ് തുടങ്ങിയവർ ലോക്സഭയിലും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ, സി.പി.എമ്മിലെ എളമരം കരീം എന്നിവർ രാജ്യസഭയിലുമാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

ശിവസേന, തൃണമൂൽ കോൺഗ്രസ്, ആംആദ്മിപാർട്ടികളും ഇരുസഭകളിലും വിഷയം ഉന്നയിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ശിവസേന എം.പിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നിവേദനം നൽകി. പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക്മുന്നിൽ ഇന്നലെ പ്രതിപക്ഷ എം.പിമാർ ധർണ നടത്തി.

വിവാദ സോഫ്റ്റ്‌വെയർ സർക്കാർ വാങ്ങിയോ എന്നത് വ്യക്തമാകാൻ ജെ.പി.സി അന്വേഷണം വേണമെന്ന് കോൺഗ്രസ് വക്താവ് ശക്തി സിംഗ് കോഹിൽ ആവശ്യപ്പെട്ടു. ഫോൺ ചോർത്തൽ വിവാദത്തിൽ എല്ലാ രാജ്ഭവനുകൾക്കും മുന്നിൽ നാളെ പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു.

ഫ്രാൻസിൽ അന്വേഷണം

പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മൊറോക്കോ ചാര ഏജൻസികൾ തങ്ങളുടെ ഫോൺ ചോർത്തിയെന്ന് ആരോപിച്ച് ഫ്രാൻസിലെ മാദ്ധ്യമ സ്ഥാപനമായ മീഡിയാ പാർട്ട് നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി. മീഡിയാപാർട്ട് സ്ഥാപകൻ എഡ്വി പ്ളീനലിന്റെയും മറ്റൊരു മാദ്ധ്യമ പ്രവർത്തകന്റെയും ഫോണിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തെന്നാണ് പരാതി. ഫ്രഞ്ച് പത്രം ലെ മോണ്ടോ, എഫ്.പി വാർത്താ ഏജൻസി എന്നിവയിലെ മാദ്ധ്യമ പ്രവർത്തകരുടെ ഫോണുകളും ചോർത്തിയെന്ന് പരാതിയുണ്ട്. ആരോപണം മൊറോക്കോ സർക്കാർ നിഷേധിച്ചു. സോഫ്​റ്റ‌്‌വെയർ ദുരുപയോഗം ചെയ്‌തോയെന്ന് അന്വേഷിക്കുമെന്ന് പെഗാസസ് നിർമാതാക്കളായ എൻ.എസ്.ഒ ഗ്രൂപ്പ് വ്യക്തമാക്കി.