ന്യൂഡൽഹി: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മണിപ്പൂരി സാമൂഹ്യപ്രവർത്തകൻ എറേന്ദ്രോ ലെയ്‌ചോംബാം നൽകിയ ഹർജിയിൽ സുപ്രീംകോടതി മണിപ്പൂർ സർക്കാരിന് നോട്ടീസയച്ചു.
ഇത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് നിർദ്ദേശിച്ചു.
ഒരാൾക്ക് കഴിഞ്ഞ മേയ് മുതൽ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. സുപ്രീംകോടതി നിർദേശം ലഭിച്ച ഉടൻ എറേന്ദ്രോയെ ജയിൽമോചിതനാക്കിയെന്ന് കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
തനിക്കെതിരെ ചുമത്തിയ അഞ്ചു കേസുകളിൽ ഒന്നിൽ പോലും ഇതുവരെ പൊലീസ് കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ലെന്നും ഇത് അതീവ ഗുരുതരമായ വിഷയമാണെന്നും എറേന്ദ്രോ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഗോമൂത്രവും ചാണകവും കൊവിഡ് ചികിത്സയ്ക്ക് ഗുണം ചെയ്യുമെന്ന ബി.ജെ.പി. നേതാക്കളെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ച എറേന്ദ്രോയെ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മുമ്പ് മോചിപ്പിക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചിരുന്നു. എറേന്ദ്രോയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു ഉത്തരവ്.