pegasus

ന്യൂഡൽഹി: കർണാടകയിൽ ബി.ജെ.പിക്ക് ഭരണം ഉറപ്പാക്കിയ ഒാപ്പറേഷൻ താമരയ്ക്ക് മുന്നോടിയായി ജെ.ഡി.എസ്, കോൺഗ്രസ് നേതാക്കളുടെ ഫോണുകളും പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് 'ദി വയർ' റിപ്പോർട്ട് ചെയ്തു.

2019ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യം സർക്കാർ രൂപീകരിച്ച ജെ.ഡി.എസ്, കോൺഗ്രസ് മുന്നണിയിലെ നേതാക്കളുടെ ഫോണുകളാണ് ചോർത്തിയത്. മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയുടെ സെക്രട്ടറി സതീഷ്, സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന മഞ്ജുനാഥ് മുദ്ദെഗൗഡ, മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി. പരമേശ്വര, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ സെക്രട്ടറി വെങ്കിടേഷ് എന്നിവരുടെ ഫോണുകൾ ചോർത്തിയെന്നാണ് വിവരം. സിദ്ധരാമയ്ക്കുള്ള ഫോണുകൾ സെക്രട്ടറിയാണ് സ്വീകരിച്ചിരുന്നത്.

വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടില്ലെങ്കിലും 17 ജെ.ഡി.എസ് എം.എൽ.എമാർ കൂറുമാറി വിശ്വാസവോട്ടെടുപ്പിന് വഴിയൊരുങ്ങിയ സമയത്താണ് കുമാര സ്വാമിയുടെ സെക്രട്ടറി സതീഷ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ ചോർത്തിയതെന്ന് 'ദി വയർ' റിപ്പോർട്ട് ചെയ്യുന്നു. 17 എം.എൽ.എമാരുടെ വിമത നീക്കമാണ് ബി.ജെ.പിക്ക് സംസ്ഥാനത്ത് ഭരണം പിടിക്കാൻ സഹായമായത്. ഇവരെ സ്പീക്കർ അയോഗ്യരാക്കിയെങ്കിലും അവർ പിന്നീട് ബി.ജെ.പിയിൽ ചേർന്നു.