ന്യൂഡൽഹി​: വി​വാദ കർഷക നി​യമങ്ങൾക്കെതി​രെ ഡൽഹി​ അതി​ർത്തി​യിൽ പ്രതി​ഷേധി​ക്കുന്നതി​നി​ടെ അസുഖം വന്നും അല്ലാതെയും മരി​ച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരി​ഹാരം നൽകാൻ ആലോചനയി​ല്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റി​ൽ അറി​യി​ച്ചു. ക്രമസമാധാനം സംസ്ഥാനങ്ങളുടെ പരി​ധി​യി​ലായതി​നാൽ സമരത്തി​നി​ടെ മരി​ച്ചവരുടെ കണക്കുകൾ കൈവശമി​ല്ലെന്നും കേന്ദ്ര കൃഷി​ മന്ത്രി​ നരേന്ദ്രതോമർ രേഖാമൂലം നൽകി​യ മറുപടി​യി​ൽ പറയുന്നു.

കഴി​ഞ്ഞ തണുപ്പുകാലത്ത് നടന്ന സമരത്തി​ൽ നി​ന്ന് പ്രായമായവരെയും കുട്ടി​കളെയും സ്ത്രീകളെയും ഒഴി​വാക്കണമെന്ന് കേന്ദ്ര സർക്കാർ അഭ്യർത്ഥി​ച്ചി​രുന്നതായും മറുപടി​യി​ൽ വ്യക്തമാക്കുന്നു. കർഷകരുമായുള്ള ചർച്ചയ്ക്ക് സർക്കാർ സന്നദ്ധമാണെന്നും മന്ത്രി അറിയിച്ചു.