ന്യൂഡൽഹി: വിവാദ കർഷക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്നതിനിടെ അസുഖം വന്നും അല്ലാതെയും മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ആലോചനയില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ക്രമസമാധാനം സംസ്ഥാനങ്ങളുടെ പരിധിയിലായതിനാൽ സമരത്തിനിടെ മരിച്ചവരുടെ കണക്കുകൾ കൈവശമില്ലെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രതോമർ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
കഴിഞ്ഞ തണുപ്പുകാലത്ത് നടന്ന സമരത്തിൽ നിന്ന് പ്രായമായവരെയും കുട്ടികളെയും സ്ത്രീകളെയും ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ അഭ്യർത്ഥിച്ചിരുന്നതായും മറുപടിയിൽ വ്യക്തമാക്കുന്നു. കർഷകരുമായുള്ള ചർച്ചയ്ക്ക് സർക്കാർ സന്നദ്ധമാണെന്നും മന്ത്രി അറിയിച്ചു.