farmers-strike

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ മാസങ്ങളായി പ്രതിഷേധിക്കുന്ന കർഷകർ ഇന്ന് മുതൽ വർഷകാല പാർലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തർമന്ദറിലെത്തി പ്രതിഷേധിക്കും.

സമരത്തിന് ഡൽഹി ലഫ്. ജനറൽ അനുമതി നൽകിയെന്ന് കർഷക നേതാക്കൾ പറയുന്നു.

സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ നിന്നായി 200 കർഷകർ ഇന്ന് മുതൽ രാവിലെ 10 മണിക്കും 5നും ഇടയിൽ പാർലമെന്റ് നടക്കുന്ന സമയം ജന്തർ മന്ദറിലെത്തും. രാവിലെ 8.30ന് അതിർത്തിയിൽ നിന്ന് അഞ്ച് ബസുകളിലായി പൊലീസ് അകമ്പടയോടെയാണ് കർഷകർ ഡൽഹിയിലേക്ക് എത്തുക. രാഷ്ട്രീയ നേതാക്കൾക്ക് സമരവേദിയിൽ പ്രവേശനമില്ല.

റിപ്പബ്ലിക്ക് ദിനത്തിലെ സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് കർഷകസംഘടനകളുടെ ശ്രമം. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. 200 കർഷകർ, അഞ്ച് കർഷക സംഘടനാ നേതാക്കൾ എന്നിവരാകും പ്രതിദിനം സമരത്തിൽ പങ്കെടുക്കുക. ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പൊലീസിന് കൈമാറും. മുൻകൂട്ടി നിശ്ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക. മാർച്ചിൽ നുഴഞ്ഞുകയറി സമരം അട്ടിമറിക്കുന്നത് തടയാനാണ് ഈ നടപടികൾ.

റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷമുണ്ടായത് കണക്കിലെടുത്ത് അട്ടിമറി തടയാൻ കിസാൻ സംയുക്ത മോർച്ചയും മുൻകരുതലിലാണ്. സമരത്തിൽ പങ്കെടുക്കുന്നവർക്ക് നിർദ്ദേശങ്ങൾ നൽകാൻ സിംഘുവിൽ ഇന്നലെ രാത്രിയിൽ യോഗം വിളിച്ചിരുന്നു.

അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. ഡൽഹി അതിർത്തികളിലും പാർലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ കൂട്ടി. സംഘർഷസാദ്ധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഡൽഹി പൊലീസിന്റെ കലാപവിരുദ്ധസേനയ്ക്ക് പ്രത്യേക പരിശീലനവും നൽകി.