pegasus

ന്യൂഡൽഹി: പ്രമുഖ വ്യക്തികളുടെ ഫോൺ വിവരങ്ങൾ ചോർത്താൻ പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചതായുള്ള മാദ്ധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ഐ.ടി, നിയമ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷം പ്രസംഗം തടസപ്പെടുത്തിയതിനെ തുടർന്ന് പ്രസ്താവന സമർപ്പിച്ചതായി പരിഗണിക്കുകയായരുന്നു.

പാർലമെന്റ് സമ്മേളനത്തിന് തലേന്ന് മാദ്ധ്യമ റിപ്പോർട്ടുകൾ വന്നത് യാദൃശ്ചികമല്ല. പെഗാസസ് ഉപയോഗം സംബന്ധിച്ച് മുമ്പും അടിസ്ഥാനരഹിതമായ ആരോപണങ്ങളുണ്ടായിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകൾ ഇന്ത്യൻ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ്. ആരോപണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ എൻ.എസ്.ഒ ഗ്രൂപ്പും ആരോപണം തള്ളിയിട്ടുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടും മറ്റും കേന്ദ്ര-സംസ്ഥാന ഏജൻസികൾ നിയമാനുസൃതമായി ഇലക്ട്രോണിക് മാദ്ധ്യമങ്ങളിൽ നിരീക്ഷണം നടത്താറുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഇതിന് മേൽനോട്ട സമിതികളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.