ന്യൂഡൽഹി: ക്രമസമാധാന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന എട്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശനം തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരം നിലനിറുത്തിയ അസാമിലും ഷായെത്തും.
അസാം, മേഘാലയ, ത്രിപുര, നാഗലാൻഡ്, മണിപ്പൂർ, മിസോറാം, അരുണാചൽ പ്രദേശ്, സിക്കിം മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. വടക്കു കിഴക്കു സംസ്ഥാനങ്ങൾക്കിടയിൽ നിലനിൽക്കുന്ന അതിർത്തി തർക്കം ചർച്ചയാകുമെന്നാണ് സൂചന.
സന്ദർശനത്തിനിടെ അമിത് ഷാ മേഘാലയയിലെ വടക്കു കിഴക്കൻ സ്പേസ് ആപ്ളിക്കേഷൻ സെന്റർ സന്ദർശിക്കും. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കായുള്ള കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ്, ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ തുടങ്ങിയവരും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഷില്ലോംഗിൽ അന്തർ സംസ്ഥാന ബസ് ടെർമിനൽ, ക്രയോജനിക് പ്ളാന്റ് എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.